നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തിയ ആൾ പിടിയിലായി
കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌കൂട്ടറിലെത്തി കഞ്ചാവ് വില്‍പന നടത്തിയിരുന്നയാള്‍ പിടിയിലായി. മെഡിക്കല്‍ കോളേജ് പൊലീസും ഡന്‍സാഫും ചേര്‍ന്ന് പുതിയപാലം കൊളങ്ങരകണ്ടി വീട്ടില്‍ ദുഷ്യന്തനെയാണ് പിടികൂടിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌കൂട്ടറിലെത്തി കഞ്ചാവ് വില്‍പന നടത്തിവന്നിരുന്ന വ്യക്തിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ കോഴിക്കോട് ബൈപ്പാസില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന് സമീപത്തുവെച്ചാണ് ഇയാളെ പിടിച്ചത്. ഈ സമയം ഇയാളുടെ പക്കല്‍ 475 ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു. ഇരുപതോളം കേസുകളില്‍ പ്രതിയാണിയാളെന്നും പൊലീസ് അറിയിച്ചു.
മായനാട് നടപ്പാലത്താണ് നിലവില്‍ ഇയാള്‍ താമസിച്ച് വരുന്നത്. കോഴിക്കോട് നഗരത്തിലും പരിസരത്തും വിഷു ആഘോഷത്തിന് മുന്നോടിയായി മയക്കുമരുന്ന വില്‍പന വ്യാപകമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നഗരത്തിലും പരിസരത്തും പരിശോധന കര്‍ശനമാക്കാന്‍ സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ജയകുമാറിനാണ് നിലവില്‍ ഡന്‍സാഫിന്റെ ചുമതല. മെഡിക്കല്‍ കോളേജ് എസ്‌ഐ രമേഷ് കുമാര്‍, ഡന്‍സാഫ് അസിസ്റ്റന്റ് എസ്‌ഐ ഇ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന ഏകോപിപ്പിച്ചത്.