തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ വരും ദിവസങ്ങളിൽ കോൺഗ്രസിൽ ചേരുമെന്ന് പാർട്ടി വൃത്തങ്ങൾ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ വരും ദിവസങ്ങളിൽ കോൺഗ്രസിൽ ചേരുമെന്ന് പാർട്ടി വൃത്തങ്ങൾ വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. ശനിയാഴ്ച മുതിർന്ന കോൺഗ്രസ് നേതാക്കളുമായി സോണിയ ഗാന്ധിയുടെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ 2024ലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കായി കിഷോർ വിശദമായ അവതരണം നടത്തി.365 മുതൽ 370 വരെയുള്ള പാർലമെന്റ് സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ മണ്ഡലങ്ങളിൽ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനും അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടു.
മുൻ തെരഞ്ഞെടുപ്പുകളിൽ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ തുടരുന്ന സംസ്ഥാനങ്ങളിൽ പാർട്ടി ഒറ്റക്ക് മത്സരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.മല്ലികാർജുൻ ഖാർഗെ, കെ.സി വേണുഗോപാൽ, അംബികാ സോണി, അജയ് മാക്കൻ, പ്രിയങ്ക ഗാന്ധി എന്നിവരും യോഗത്തിൽ പങ്കെടുത്തു. നിർദേശങ്ങൾ ചർച്ച ചെയ്യാൻ ഒരു സംഘത്തെ നിയോഗിക്കുമെന്ന് യോഗത്തിന് ശേഷം വേണുഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കിഷോറിന്റെ നിർദേശങ്ങൾ ചർച്ച ചെയ്ത് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. അദ്ദേഹം പാർട്ടിയിൽ ചേരുമോ അതോ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി തുടരുമോയെന്ന ചോദ്യത്തിന് എല്ലാ വിശദാംശങ്ങളും ഒരാഴ്ചക്കുള്ളിൽ അറിയാമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.