KERALA
ഇക്കുറി നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായി എത്തുന്നത് തുഴയേന്തിയ താറാവ്
ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായി എത്തുന്നത് തുഴയേന്തിയ താറാവ്. പബ്ലിസിറ്റി കമ്മറ്റിക്ക് ലഭിച്ച നൂറോളം എന്‍ട്രികളില്‍ നിന്നാണ് കായല്‍പ്പരപ്പില്‍ തുഴയെറിഞ്ഞ് വിജയ ചിഹ്നവുമായി നില്‍ക്കുന്ന കുട്ടനാടന്‍ താറാവിന്റെ ചിത്രം ലോഗോ ആയി തെരഞ്ഞെടുത്തത്. നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആകര്‍ഷകമായ തീം സോംഗും പുറത്തിറങ്ങി.
ഓളങ്ങള്‍ താളം കൊട്ടുന്ന തീം സോങ് ഹരിനാരായണനാണ് രചിച്ചത്. ജോസി ആലപ്പുഴയുടേതാണ് സംഗീതം. സച്ചിന്‍ വാരിയറും ജോസിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രകല അദ്ധ്യാപകനായ വിആര്‍ രഘുനാഥ് വരച്ച ചിത്രമാണ് ഇത്തവണത്തെ ജലോത്സവ ലോഗോയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് നാലാം തവണയാണ് ആലപ്പുഴ പാതിരപ്പള്ളി സ്വദേശി രഘുനാഥിന്റെ ചിത്രം നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നമായി തെരഞ്ഞെടുക്കപ്പെടുന്നത്.
ചിത്രകാരന്‍മാരായ സതീഷ് വാഴവേലില്‍, ജിനു ജോര്‍ജ്, ടി.ബേബി എന്നിവരടങ്ങിയ ജഡ്ജിങ് കമ്മറ്റിയാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്. ചലച്ചിത്ര താരംആല്‍ഫി പഞ്ഞിക്കാരനാണ് ലോഗോ പ്രകാശനം ചെയ്തത്. ഭാഗ്യചിഹ്ന രചന മത്സര വിജയിയായ വിആര്‍ രഘുനാഥിന് സമ്മാനമായ 5001 രൂപയുടെ ക്യാഷ് പ്രൈസ് സബ്ബ് കളക്ടര്‍ വിആര്‍ കൃഷ്ണതേജ കൈമാറി.
Comments