തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം
വിഷ്ണുമൂർത്തി
വടക്കൻ കേരളത്തിൽ ഏറെ ആരാധിക്കപ്പെടുന്ന തെയ്യക്കോലമാണ് വിഷ്ണുമൂർത്തി. കണ്ണൂർ കാസർഗോഡ് ജില്ലയിൽ വിഷ്ണുമൂർത്തിയെ പരദേവത എന്നാണ് ഭക്തർ അഭിസംബോധന ചെയ്യാറുള്ളത്. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമായ നരസിംഹാവതാരത്തെയാണ് വിഷ്ണുമൂർത്തിയായി ആരാധിക്കുന്നത്. എന്നാൽ, വൈഷ്ണവമതത്തിന്റേയും ബ്രാഹ്മണ്യത്തിന്റേയും സ്വാധീനം തെയ്യത്തിൽ ഉണ്ടായതിന്റെ ഫലമായി മുമ്പുണ്ടായിരുന്ന പുലിച്ചാമുണ്ഡി തെയ്യത്തെ വിഷ്ണുമൂർത്തിയായി മാറ്റിയതാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
പൊതുവെ ശൈവാരാധനയ്ക്ക് മുൻതൂക്കമുള്ള തെയ്യാരാധനയിൽ വൈഷ്ണവ സങ്കല്പത്തിലുള്ള അപൂർവ്വം തെയ്യങ്ങളിൽ ഒന്നാണിത്. വടക്കൻ കേരളത്തിൽ ഭഗവതി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്ന തെയ്യവും വിഷ്ണുമൂർത്തി തന്നെ. വിഷ്ണുമൂർത്തി ആരാധിക്കപ്പെടുന്ന സ്ഥലത്തെ മുണ്ട്യ എന്നാണ് പറയാറുള്ളത്. തീച്ചാമുണ്ഡി (ഒറ്റക്കോലം), ആലക്കുന്ന് ചാമുണ്ഡി, കോളിയാട്ട് ചാമുണ്ഡി, ഉതിരചാമുണ്ഡി എന്നിവയെല്ലാം വിഷ്ണുമൂർത്തി സങ്കല്പത്തിലുള്ള തെയ്യങ്ങളാണ്.വിഷ്ണു മൂർത്തിയുടെ ഈ ‘ചാമുണ്ഡി’ നാമം മുമ്പു സൂചിപ്പിച്ച ‘പുലിച്ചാമുണ്ഡി വാദക്കാർ’ അവരുടെ വാദത്തിനു തെളിവായി പറയാറുണ്ട്.
ആദ്യമായി വിഷ്ണുമൂർത്തി തെയ്യം കെട്ടിയത് പാലായിപ്പരപ്പേൻ എന്ന മലയസമുദായക്കാരനാണെന്ന് തോറ്റംപാട്ടിൽ സൂചനയുണ്ട്. നീലേശ്വരത്തിനടുത്തുള്ള കോട്ടപ്പുറത്താണ് വിഷ്ണുമൂർത്തിയുടെ കേരളത്തിലെ ആരൂഡ്ഢം.
“അങ്കത്തിനും പടയ്ക്കും കൂട്ടത്തിനും കുറിക്കും നായാട്ടുകാര്യങ്ങൾക്കും നരിവിളിക്കും” തുണയായി നിൽക്കുന്ന വിഷ്ണുമൂർത്തി ഏറെ പ്രത്യേകതകളുള്ള ജനകീയ തെയ്യമാണ്. മറ്റു തെയ്യങ്ങളിൽ നിന്നു വ്യത്യസ്തമായി ചതുർവിധാഭിനയങ്ങളിൽ ആംഗികാഭിനയം പ്രകടമാക്കുന്ന അപൂർവ്വം തെയ്യങ്ങളിൽ ഒന്നാണിത്. നരസിംഹം ഹിരണ്യകശിപുവിനെ കൊല്ലുന്നതും കുടൽമാല വലിച്ചുപുറത്തിട്ടു രക്തപാനം നടത്തുന്നതുമെല്ലാം അതിമനോഹരമായി ഈ തെയ്യം അഭിനയിച്ചു കാണിക്കും. തെയ്യത്തിന്റെ മൊഴികളിലും ഏറെ സവിശേഷതകളുണ്ട്. പുരാണേതിഹാസങ്ങളിൽ നിന്നുള്ള ഉദ്ദരണികൾ ഈ തെയ്യം കൂടുതലായി ഉപയോഗിച്ചു കാണുന്നുണ്ട്. കൂടാതെ കുറേക്കൂടി സാഹിത്യാത്മക ഭാഷയുമാണ് തെയ്യത്തിന്റെ വാചാലം. ജനമനസ്സറിഞ്ഞുള്ള മൊഴികൾ കാരണം തെയ്യക്കാവുകളിൽ എപ്പോഴും ഭക്തർ കൂടുതൽ തേടിയെത്തുന്ന ഒരു തെയ്യമാണ് വിഷ്ണുമൂർത്തി, പ്രത്യേകിച്ച് സ്ത്രീകൾ. വിഷ്ണുമൂർത്തിയുടെ മറ്റൊരു ഭാവമായ തീച്ചാമുണ്ഡിയെക്കുറിച്ച് പ്രത്യേകമായി പറയാം.
ഐതിഹ്യം
വിഷ്ണുമൂർത്തിയുടെ ചരിത്രം പാലന്തായി കണ്ണൻ എന്ന ചെറുപ്പക്കാരനുമായി ബന്ധപ്പെട്ടിരിക്കുന്നു. നീലേശ്വരത്തെ പ്രമാണിയായിരുന്ന കുറുവാട്ടു കുറുപ്പിന്റെ വീട്ടു വേലക്കാരനായിരുന്നു കണ്ണൻ. ഒരു ദിവസം അവൻ മാവിന്റെ മുകളിൽ നിന്നും മാങ്ങ പറിച്ചു തിന്നുമ്പോൾ അത് കയ്യിൽ നിന്നും വഴുതി കുറുപ്പിന്റെ അനന്തരവളുടെ മാറിൽ വീഴാനിടയായി. വിവരമറിഞ്ഞ കുറുപ്പ് കണ്ണനെ കൊല്ലുമെന്നു വിളംബരം ചെയ്തു. ഇതറിഞ്ഞ കണ്ണൻ മംഗലാപുരത്തേക്ക് നാടുവിട്ടു.
“കരുമനയിൽ പാലന്തായി
വിരുതനതായുള്ളൊരു കണ്ണൻ
കരുമം പലതും പലരോടും ചെയ്തുകൊണ്ട്
കുറുവാടനുമായി തങ്ങളിലിടപാടുണ്ടായി
തറവാടും നാടും വിട്ടു വടക്കു നടന്നു”
എന്ന് കണ്ണൻ നാടുവിട്ടതിനെക്കുറിച്ച് വിഷ്ണുമൂർത്തിയുടെ തോറ്റം പാട്ടിൽ പരാമർശമുണ്ട്. പാലന്തായി കണ്ണൻ മംഗലാപുരത്ത് ഒരു തിയ്യത്തറവാട്ടിൽ അഭയം പ്രാപിച്ചു. അവിടുത്തെ വിഷ്ണുമൂർത്തിയുടെ സ്ഥാനത്ത് വിളക്കുവെച്ചും മറ്റും കണ്ണൻ പരദേവതയുടെ പരമ ഭക്തനായി മാറി. ഒരു വ്യാഴവട്ടക്കാലം പരദേവതയെ ഭജിച്ചു കഴിഞ്ഞ കണ്ണന് ഒരു ദിവസം പരദേവത സ്വപ്നത്തിൽ പ്രത്യക്ഷമായി അവനോട് ചുരിക നോക്കാൻ ആവശ്യപ്പെട്ടു. ഞെട്ടിയുണർന്ന കണ്ണൻ ചുരിക താനെ വിറച്ചുതുള്ളുന്നതാണു കണ്ടത്. ചുരികയുമായി യാത്ര പുറപ്പെട്ട അവന് ആ വീട്ടിലെ അമ്മ ഒരു കന്നികുട നൽകി. നീലേശ്വരത്ത് തിരിച്ചെത്തിയ കണ്ണൻ തന്റെ ബല്യകാല സുഹൃത്തായ കനത്താടൻ മണിയാണിയുടെ വീട്ടിലെത്തി. അവിടെ നിന്ന് ഭക്ഷണം കഴിച്ച് കൈകഴുകാനായി കദളിക്കുളത്തിലിറങ്ങി. ആ സമയത്ത് കണ്ണനെ കുറുവാടൻ കുറുപ്പ് വെട്ടിക്കൊലപ്പെടുത്തുകയും ചുരിക കൈവാളുകൊണ്ട് ചീന്തിയെറിയുകയും ചെയ്തു. എന്നാൽ വെള്ളത്തിൽ വീണ ചുരിക അവിടെ നിന്ന് തുള്ളിക്കളിക്കുന്നത് കണ്ട് എല്ലാവരും ഭയപ്പെട്ടു. കുറുവാടൻ കുറുപ്പിന്റെ വീട്ടിൽ പിന്നീട് പലവിധ ദുരിതങ്ങളും അനർത്ഥങ്ങളും കാണാൻ തുടങ്ങി. കണ്ണനെ കൊന്നതാണ് ഇതിനെല്ലാം കാരണമെന്ന് പ്രശ്നത്തിൽ തെളിഞ്ഞു. പരിഹാരമായി പരദേവതയേയും കണ്ണനേയും പ്രതിഷ്ഠിച്ച് തെയ്യങ്ങളായി കെട്ടിയാടിക്കണമെന്ന് തെളിഞ്ഞു. അങ്ങനെ രണ്ടു പേരേയും നീലേശ്വരം കോട്ടപ്പുറത്ത് പ്രതിഷ്ഠിച്ച് ആരാധിച്ചു തുടങ്ങി.ഈ തെയ്യത്തിന്റെ ആരൂഢം മംഗലപുരത്തെ ജെപ്പ് എന്ന സ്ഥലത്തുള്ള കുടുപാടി എന്ന തറവാടാണ്.
മലയസമുദായത്തിൽപ്പെട്ടവരാണ് ഈ തെയ്യം കെട്ടാറുള്ളത്.