SPECIAL

പുത്തുമലയില്‍ സംഭവിച്ചത് ഉരുള്‍പൊട്ടലല്ല, വലിയ മണ്ണിടിച്ചിലെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്

വയനാട്: വയനാട് പുത്തുമലയില്‍ ദുരന്തമുണ്ടാവാന്‍ കാരണം ഉരുള്‍പ്പൊട്ടലല്ല അതി ശക്തമായ മണ്ണിടിച്ചിലാണെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. ദുര്‍ബല പ്രദേശമായ മേഖലയില്‍ നടന്ന മരംമുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്.

 

ഇവിടത്തെ മേല്‍ മണ്ണിന് മേല്‍മണ്ണിന് 1.5 മീറ്റര്‍ മാത്രമേ ആഴമുള്ളൂ. താഴെ ചെരിഞ്ഞു കിടക്കുന്ന വന്‍ പാറക്കെട്ടും. മേല്‍മണ്ണിനു 2.5 മീറ്റര്‍ എങ്കിലും ആഴമില്ലാത്ത മലമ്പ്രദേശങ്ങളില്‍ വന്‍ പ്രകൃതി ദുരന്തങ്ങള്‍ക്കു സാധ്യത കൂടുതലാണ്. ചെറിയ ഇടവേളകളില്‍ രണ്ട് തവണ പുത്തുമലയ്ക്കുമേല്‍ മണ്ണിടിച്ചിറങ്ങി. 20% മുതല്‍ 60% വരെ ചെരിവുള്ള പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്.

 

ഒരാഴ്ചയോളം അതിതീവ്ര മഴ പെയ്തതും പാറക്കെട്ടുകള്‍ക്കും വന്‍ മരങ്ങള്‍ക്കുമൊപ്പം അഞ്ച് ലക്ഷം ഘനമീറ്റര്‍ വെള്ളം കുത്തിയൊലിച്ചതുമാണ് ദുരന്തിന് കാരണമായത്.
ചെരിഞ്ഞ പ്രദേശങ്ങളില്‍ സംഭരിക്കപ്പെടുന്ന വെള്ളം മര്‍ദ്ദംകൂടി ഒരു പ്രത്യേക ഭാഗത്തു കൂടി അതിശക്തമായി പുറത്തേക്കൊഴുകുന്നതാണ് ഉരുള്‍പൊട്ടല്‍. വെള്ളം പുറത്തേക്കൊഴുകുന്ന ഭാഗത്തെ ഉരുള്‍പൊട്ടല്‍ നാഭിയെന്നാണ് വിളിക്കുക. എന്നാല്‍ പുത്തുമലയില്‍ ഇതല്ല സംഭവിച്ചത്. വലിയ തോതിലുള്ള മണ്ണിടിച്ചിലാണെന്ന് മണ്ണ് സംരക്ഷണ വകുപ്പ് പറയുന്നു.
പുത്തുമലയിലുണ്ടായ അതിതീവ്ര മണ്ണിടിച്ചില്‍ സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തണമെന്നും ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഭൂവിനിയോഗം പുനക്രമീകരിക്കണമെന്നും മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button