വിജയ് ബാബു തിരിച്ചെത്തി
കൊച്ചി: യുവനടിയുടെ പീഡന പരാതിയെ തുടർന്ന് വിദേശത്തേക്ക് കടന്ന നിർമാതാവും നടനുമായ വിജയ് ബാബു തിരികെയെത്തി. അല്പസമയം മുൻപ് കൊച്ചി വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. അന്വേഷണത്തിൽ പൊലീസിനോട് പൂർണമായി സഹകരിക്കുമെന്ന് വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം പുറത്തുകൊണ്ടുവരും. ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുണ്ട്. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാൽ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചു. അറസ്റ്റിൽ നിന്ന് ഇമിഗ്രേഷൻ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണം. നാട്ടിലെത്തിയാൽ ഉടൻ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.