തിക്കോടിയിലെ കൊലവിളി മുദ്രാവാക്യത്തിൽ പയ്യോളി പൊലീസ് കേസെടുത്തു
കോഴിക്കോട്: തിക്കോടിയിലെ കൊലവിളി മുദ്രാവാക്യത്തിൽ പയ്യോളി പൊലീസ് കേസെടുത്തു. കോൺഗ്രസ് തിക്കോടി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് രാജീവൻ മാസ്റ്ററുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കണ്ടാലറിയാവുന്ന സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. നാട്ടിൽ ക്രമസമാധാനം തകർക്കുക, കലാപത്തിന് ആഹ്വാനം ചെയ്യുക, അന്യായമായി സംഘം ചേരുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
തിക്കോടിയിൽ ചൊവ്വാഴ്ച രാത്രി നടന്ന പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ കൊലവിളി മുദ്രാവാക്യത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്. വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും എന്നും പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയിരുന്നു. പെരിയ ഇരട്ടക്കൊലപാതകങ്ങളെ പരാമർശിച്ചും പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയിരുന്നു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന് ഇ മെയിൽ വഴി പരാതി നൽകിയിരുന്നു.