കട തുറന്ന് സമരമില്ല. വ്യാഴാഴ്ച ചർച്ച

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന കട തുറന്നുള്ള സമരം മാറ്റിവെച്ചു. സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് സംസ്ഥാനം നേരിടുന്ന ഗുരുതരാവസ്ഥ സംബന്ധിച്ച് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു. ലോക്ഡൗണ്‍ അനിശ്ചിതമായി നീണ്ടുപോവുന്നതിലും വ്യാപാരികള്‍ക്ക് സഹായം ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് കടതുറന്നിട്ട് സമരം ചെയ്യുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത്.

എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കുക എന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. സര്‍ക്കാര്‍ തീരുമാനം അനുസരിച്ചില്ലെങ്കില്‍ സമരത്തെ നേരിടുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിപക്ഷവും വ്യാപാരികളുടെ പക്ഷത്ത് നിന്നതോടെ പ്രശ്നത്തിന് രാഷ്ട്രീയമാനവും വന്നു.

കടകള്‍ തുറക്കുകയെന്ന തീരുമാനവുമായി മുന്നോട്ട് പോവാന്‍ തന്നെ വ്യാപാരികള്‍ തീരുമാനിച്ചതോടെയാണ് അടിയന്തര ചര്‍ച്ച നടന്നത്. പിന്നാലെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്.

മുഴുവന്‍ ദിവസവും കടകള്‍ തുറക്കുന്നത് സംബന്ധിച്ച് ഇന്ന് കോഴിക്കോട് ജില്ലാ കലക്ടറുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പിന്നാലെ നാളെ മുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ചത് പ്രകാരം മാത്രമെ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നും വ്യാപാരികളുടെ ഭാഗത്ത് നിന്നും പ്രകോപനപരമായ നീക്കമുണ്ടായാല്‍ പൊലീസിന്റെ സഹായത്തോടെ നിയമപരമായി നീക്കങ്ങളോട് നേരിടുമെന്നും കളക്ടര്‍ നരസിംഹു തേജ് ലോഹിത് റെഡ്ഢി അറിയിക്കുകയും ചെയ്തു.
Comments

COMMENTS

error: Content is protected !!