SPECIAL

നന്നായി ഉറങ്ങാം, ഈ വഴികള്‍ പരീക്ഷിക്കൂ

ഉറക്കക്കുറവും ഉറക്കത്തിനുണ്ടാവുന്ന തടസ്സങ്ങളും നമ്മുടെ ഉന്മേഷം കെടുത്തി ക്ഷീണമുണ്ടാക്കും. ശരീരത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജം ലഭിക്കാതെ വരികയും രോഗപ്രതിരോധശേഷി കുറയ്ക്കുകയും നിത്യജീവിതത്തിന്റെ താളംതെറ്റിക്കുകയും ചെയ്യും.
ഉറക്കക്കുറവ് പ്രശ്‌നമാവുന്നത് എപ്പോള്‍?
ആരോഗ്യവാനായ ഒരു വ്യക്തിക്ക് ദിവസത്തില്‍ ആറ് മണിക്കൂര്‍ മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. മനസ്സും ശരീരവും എല്ലാത്തരം ഉത്തേജനങ്ങളില്‍ നിന്നും പിന്‍വാങ്ങി ശരീരം പരിപൂര്‍ണ വിശ്രമാവസ്ഥയിലെത്തുന്നതാണ് ഉറക്കം. ഉറക്കം ആവശ്യമില്ലാത്ത പകല്‍നേരങ്ങളില്‍ ഒരാള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അയാളെ ഉറക്കക്കുറവ് ബാധിച്ചിട്ടില്ലെന്ന് കണക്കുകൂട്ടാം. എന്നാല്‍ രാത്രി വളരെ വൈകിയിട്ടും ഉറക്കം വരാത്ത അവസ്ഥ, ഉറക്കം നേരെയാവാത്ത അവസ്ഥ തുടങ്ങിയവ കൃത്യമായി നിരീക്ഷിച്ച് ജീവിതരീതിയിലൂടെ ശരിയാക്കിയെടുക്കേണ്ടതാണ്.
മാനസിക പ്രശ്‌നങ്ങള്‍ മുതല്‍ ശ്വാസപ്രശ്‌നങ്ങള്‍ വരെ നിങ്ങളുടെ ഉറക്കത്തെ ബാധിക്കാം. ഉറക്കം വരാത്ത അവസ്ഥയായ ഇന്‍സോമ്‌നിയയാണ് സാധാരണ കണ്ടുവരുന്ന ഉറക്കപ്രശ്‌നം. ഇടമുറിഞ്ഞ ഉറക്കം, നേരത്തെ ഉണരല്‍, നല്ല ഉറക്കം കിട്ടാത്ത അവസ്ഥ എന്നിവയെല്ലാം ഇന്‍സോമ്‌നിയയില്‍ ഉള്‍പ്പെടും.

 

ഇന്‍സോമ്‌നിയ കഴിഞ്ഞാല്‍ ശ്വസനപ്രശ്‌നങ്ങളാണ് ഉറക്കക്കുറവിനുള്ള രണ്ടാമത്തെ കാരണം. ശ്വസനനാളിയിലെ പ്രശ്‌നങ്ങള്‍ മൂലമാണ് ഇത് പ്രധാനമായും ഉണ്ടാവുന്നത്.  ഉറക്കത്തിനിടയില്‍ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്ന പ്രശ്‌നമാണ് സ്ലീപ് അപ്‌നിയ.

 

ഉറക്കവുമായി ബന്ധപ്പെട്ട ചലനവൈകല്യമായ കാല്‍ അനക്കല്‍ അഥവാ റസ്റ്റ്‌ലെസ് ലെഗ് സിന്‍ഡ്രവും ഉറക്കത്തെ ബാധിക്കാം. കാലില്‍ എന്തോ ഇഴയുന്നതു പോലെയുള്ളതിനാല്‍ കാല്‍ അനക്കിക്കൊണ്ടിരിക്കാന്‍ തോന്നും. ഇത് ഉറക്കപ്രശ്‌നത്തിലേക്ക് നയിക്കും.

 

ഉറക്കത്തില്‍ എഴുന്നേറ്റുനടക്കുന്ന സോമ്‌നാംബുലിസവും നല്ല നിദ്രയെ തകര്‍ത്തേക്കാം.

 

ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് വളരെ ഫലപ്രദമായ ചികിത്സകള്‍ നിലവിലുണ്ട്. കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, കൗണ്‍സിലിങ്, ഹിപ്‌നോട്ടിക് തെറാപ്പി എന്നിവയിലൂടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാം.

 

നല്ല ഉറക്കത്തിന് ഈ കാര്യങ്ങള്‍ ശീലമാക്കാം.

 

  • ഇരുട്ടിലും നിശബ്ദതയിലും ഉറങ്ങുക
  • ഉറങ്ങാന്‍ പോകും മുന്‍പ് ഭക്ഷണം അമിതമാകരുത്
  • ഉറക്കത്തിന് മുന്‍പ് പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കാം
  • കിടക്കും മുന്‍പ് ശുദ്ധവായു ശ്വസിച്ച് അല്‍പം നടക്കാം
  • കഫീന്‍ അടങ്ങിയവയും എനര്‍ജി ഡ്രിങ്കുകളും രാത്രി ഒഴിവാക്കുക
  • ഉറപ്പുള്ളതും സുഖകരവുമായ കട്ടിലിലും മെത്തയിലും കിടക്കുക
  • മുറിയില്‍ അനുയോജ്യമായ താപനില ക്രമീകരിക്കുക
  • ഉറങ്ങാനും ഉണരാനും കൃത്യസമയം പാലിക്കുക
  • ടി.വി, കമ്പ്യൂട്ടര്‍ ഗെയിം എന്നിവ കിടക്കുന്നതിന് തൊട്ടുമുന്‍പ് വേണ്ട
  • ഉറങ്ങാന്‍ പറ്റില്ല എന്ന ചിന്ത വെടിയുക
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button