സംസ്ഥാനത്ത് അഞ്ച് നദീ തീരങ്ങളില്‍ പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് നദീ തീരങ്ങളില്‍ പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്. കോട്ടയം പുല്ലക്കയാര്‍, മാടമന്‍, പത്തനംതിട്ട കല്ലൂപ്പാറ, ഇടുക്കി വെള്ളയ്ക്കടവ്, തിരുവനന്തപുരം അരുവിപ്പുറം എന്നീ നദീ തിരങ്ങളിലാണ് പ്രളയമുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഴ ശക്തമായാല്‍ മണി മലയാര്, വാമനപുരം, കല്ലട, കരമന, അച്ചന്‍കോവില്‍, പമ്പ അടക്കമുള്ള നദികളിലെ ജലനിരപ്പ് ഉയരും. ഈ സാഹചര്യം മുന്‍നിര്‍ത്തി പല ജില്ലകളിലും നദീതീരത്ത് താമസിപ്പിക്കുന്നവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ച് കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍ പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ലെന്നും നിര്‍ദേശം നല്കി. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും അറിയിച്ചു.