ഭാരത് ജോഡോ യാത്ര നാളെ കേരളത്തില്‍


രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ കേരളത്തില്‍ പ്രവേശിക്കും. പദയാത്രയെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും കെപിസിസിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പാറശാലയില്‍ നിന്നും രാഹുല്‍ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിക്കും. കേരളത്തില്‍ നിന്നുള്ള പദയാത്രികരും യാത്രയ്ക്കൊപ്പം അണിചേരും.

സെപ്റ്റംബര്‍ 7ന് കന്യാകുമാരിയില്‍ നിന്നാണ് ജോഡോ യാത്ര ആരംഭിച്ചത്. ഞായറാഴ്ച രാത്രിയോടെ യാത്ര കേരള അതിര്‍ത്തിയായ പാറശാല ചേരുവരകോണത്തെത്തും. സെപ്റ്റംബര്‍ 11ന് രാവിലെ 7ന് പാറശാലയില്‍ നിന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി, പ്രതിപക്ഷനേതാവ് വി.ഡി സതീശന്, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.മുരളീധരന് എംപി, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ ചേര്‍ന്ന് ജാഥയെ സ്വീകരിക്കും.
കേരളത്തില്‍ ഏഴുജില്ലകളിലൂടെയാണ് ജോഡോ യാത്ര കടന്ന് പോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. യാത്ര കടന്ന് പോകാത്ത ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ 7 മുതല്‍ 11 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമാണ് യാത്രയുടെ സമയക്രമം. ഇതിനിടെയുള്ള സമയത്തില്‍ സംസ്ഥാനത്തെ വിവിധ മേഖലയിലുള്ള തൊഴിലാളികള്‍, കര്‍ഷകര്‍, യുവാക്കള്‍, സാംസ്കാരിക പ്രമുഖര്‍ തുടങ്ങിയവരുമായി ജാഥ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും.
ഭാരത് ജോഡോ യാത്രയില്‍ മുന്നൂറ് പദയാത്രികരാണുള്ളത്. ഇവര്‍ക്കുള്ള താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള ഒരുക്കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി. 19 ദിവസം കേരളത്തിലൂടെ കടന്ന് പോകുന്ന യാത്ര വിജയിപ്പിക്കാന്‍ ചിട്ടയായ പ്രവര്‍ത്തനമാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് എംപിയുടെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും ജോഡോ യാത്ര സംസ്ഥാന കോ-ഓഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെയും നേതൃത്വത്തില്‍ നടന്ന് വരുന്നത്.
തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19,20 തീയതികളില്‍ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാടും പര്യടനം പൂര്‍ത്തിയാക്കും. 28,29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണ്ണാടകത്തില്‍ പ്രവേശിക്കും.150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുക. 3570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30 നു സമാപിക്കും. 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും