തണ്ണീര്‍ കൊമ്പന്റെ റേഡിയോ കോളര്‍ സന്ദേശം കേരളത്തെ കര്‍ണാടക അറിയിച്ചില്ല; എത്തിയത് കടുത്ത അവശതയില്‍

കല്‍പ്പറ്റ: തണ്ണീര്‍ കൊമ്പനില്‍നിന്നുള്ള റേഡിയോ കോളര്‍ സന്ദേശങ്ങള്‍ കേരള വനം വകുപ്പിനെ കര്‍ണാടക അറിയിക്കാത്തതാണ് ആന മാനന്തവാടി പട്ടണത്തിലിറങ്ങുന്നതിനിടയാക്കിയത്. രണ്ടാഴ്ചമുമ്പ് കര്‍ണാടക വനംവകുപ്പ് അഞ്ച് കാട്ടാനകളെയാണ് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് ഉള്‍വനത്തില്‍ തുറന്നുവിട്ടത്. കര്‍ണാടക വനംവകുപ്പ് ഹാസനിലെ ജനവാസകേന്ദ്രത്തില്‍നിന്നാണ് തണ്ണീര്‍ കൊമ്പനെ പിടികൂടിയത്. 200 കിലോമീറ്റര്‍ ചുറ്റിസഞ്ചരിച്ചാണ് വെള്ളിയാഴ്ച രാവിലെ മാനന്തവാടിയിലെ ജനകേന്ദ്രത്തിലെത്തിയത്. ഇതില്‍നിന്ന് ലഭിക്കുന്ന സിഗ്നലുകള്‍ പരിശോധിച്ചാല്‍ ആനയുടെ സഞ്ചാരം പിടികിട്ടും. എന്നാല്‍ ഈ ദിശാനിര്‍ണയം കൃത്യമായി നടന്നില്ല. ഇതോടെ ആന സഞ്ചരിക്കാന്‍ സാധ്യതയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ വിവരം കൈമാറല്‍ അട്ടിമറിക്കപ്പെട്ടു.

ഗുരുതര പരിക്കുകളുമായാണ് തണ്ണീര്‍ കൊമ്പന്‍ മാനന്തവാടിയിലെത്തിയത്. പഴുപ്പും നീരും ബാധിച്ച് തീര്‍ത്തും അവശനിലയിലായിരുന്നു ആ കാട്ടുകൊമ്പന്‍. ജനവാസ കേന്ദ്രങ്ങളിലടക്കം എത്തിയിട്ടും ഒരു പകല്‍ മുഴുവന്‍ ശാന്തനായി നിന്നതും അവശതമൂലം. ജനവാസ കേന്ദ്രങ്ങളിലെത്തുന്ന കാട്ടാനകളില്‍നിന്ന് തീര്‍ത്തും വ്യത്യസ്ത സ്വഭാവരീതിയാണ് തണ്ണീര്‍ കൊമ്പന്‍ പ്രകടിപ്പിച്ചത്. സാധാരണഗതിയില്‍ മയക്കുവെടിയേല്‍ക്കുമ്പോള്‍ കാട്ടാനകള്‍ അല്‍പ്പനേരം പ്രകോപിതരാവാറുണ്ട്. അല്‍പ്പദൂരം ഓടുകയും ചെയ്യും. എന്നാല്‍ ഇവിടെ ഒന്നും ഉണ്ടായില്ല. ഓരോ വെടിയേല്‍ക്കുമ്പോഴും നിശ്ചലമായി നില്‍ക്കുകയായിരുന്നു തണ്ണീര്‍ കൊമ്പന്‍. തീറ്റയെടുക്കാന്‍ പോലും സാധിക്കാത്തതിനാലാവാം വാഴത്തോട്ടത്തില്‍ നിലയുറപ്പിച്ചിട്ടും ഏറെ നാശനഷ്ടം ഉണ്ടാക്കാത്തത്.

മയങ്ങിയതോടെ വനപാലകര്‍ നടത്തിയ പരിശോധനയിലാണ് തണ്ണീര്‍ കൊമ്പന്‍ അനുഭവിക്കുന്ന ശാരീരിക അവശതകളെക്കുറിച്ച് കൂടുതല്‍ വ്യക്തമായത്. രണ്ടുകാലുകളും നീരുവച്ച അവസ്ഥയിലായിരുന്നു. പഴുപ്പും ബാധിച്ചിട്ടുണ്ട്. ഇടതുകാലിന് മുകളില്‍ ഒരു മുഴയുണ്ട്. അതിലും പഴുപ്പ് വന്ന നിലയിലാണ്.

ഇതിനുപുറമെ ശരീരത്തില്‍ പലയിടത്തായി മുറിവുകളുണ്ട്. ചെറുതും വലുതുമായ മുറിവുകളാണിത്. ഇതും പഴുപ്പ് ബാധിച്ച നിലയിലാണ്. ഇത്രയധികം മുറിവുകള്‍ എങ്ങനെ ഉണ്ടായിയെന്നതുസംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നു. നിരന്തരം ജനവാസ കേന്ദ്രങ്ങളില്‍ സഞ്ചരിക്കുന്ന ആനയായതുകൊണ്ടുതന്നെ ആരെങ്കിലും അക്രമിച്ചതിനെ തുടര്‍ന്നുണ്ടായ മുറിവുകളാണോ എന്ന സംശയവും കേരള വനപാലകര്‍ ഉന്നയിച്ചിട്ടുണ്ട്. മറ്റു ആനകളുമായി കൊമ്പുകോര്‍ത്തതിനെ തുടര്‍ന്നുണ്ടായ പരിക്കുകളും തണ്ണീര്‍ കൊമ്പന്റെ ശരീരത്തിലുണ്ടായിരുന്നു.

Comments
error: Content is protected !!