കോഴിക്കോട് പൈപ്പ് ലൈൻ വഴിയുള്ള പ്രകൃതി വാതകം ഈ മാസംതന്നെ ജില്ലയിലെ വീടുകളിൽ എത്തിത്തുടങ്ങും.
കോഴിക്കോട്: പൈപ്പ് ലൈൻ വഴിയുള്ള പ്രകൃതി വാതകം ഈ മാസംതന്നെ ജില്ലയിലെ വീടുകളിൽ എത്തിത്തുടങ്ങും. ആദ്യഘട്ടമായി ഉണ്ണികുളം പഞ്ചായത്തിലെ 25 വീടുകളിലാണ് ഗ്യാസ് എത്തുക. ഓണത്തിനുമുന്നോടിയായി ഈ വീടുകളിൽ പ്രകൃതിവാതകം എത്തിക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും ജി.ഐ പൈപ്പുപയോഗിച്ചുള്ള പ്ലമ്പിങ് ജോലികൾ നീണ്ടുപോയതാണ് കാലതാമസമുണ്ടാക്കിയത്. ഡൽഹിയിൽനിന്ന് തൊഴിലാളികളെ എത്തിച്ചാണിപ്പോൾ ജോലികൾ പുരോഗമിക്കുന്നത്. ഇത് പൂർത്തിയായാലുടൻ പ്രകൃതി വാതകം ഈ വീടുകളിൽ വിതരണം ചെയ്യുമെന്ന് അദാനി ഗ്യാസ് അധികൃതർ പറഞ്ഞു. തുടർന്ന് കൂടുതൽ വീടുകൾക്ക് കണക്ഷൻ നൽകും. ഉണ്ണികുളം മുതൽ കുന്ദമംഗലം വരെ 23.4 കിലോമീറ്ററിൽ പൈപ്പ് ലൈൻ കമീഷൻ ചെയ്ത് വാതകം എത്തിയിട്ടുണ്ട്. വൈകാതെ ഈ ഭാഗങ്ങളിലും വിതരണം തുടങ്ങും. 400 വീടുകളിലേക്ക് കണക്ഷൻ നൽകാൻ ഉണ്ണികുളത്ത് 14 കിലോമീറ്ററിൽ പൈപ്പ് ലൈനാണ് സ്ഥാപിച്ചത്. പനങ്ങാട് ഉൾപ്പെടെ സമീപ പഞ്ചായത്തുകളിലും തുടർ മാസങ്ങളിൽ പ്രകൃതിവാതകം എത്തും. കോഴിക്കോട് നഗരത്തിൽ 14.6 കിലോമീറ്ററിൽ പൈപ്പ് ലൈൻ സ്ഥാപിച്ചു. പാവങ്ങാട് മുതൽ നല്ലളം വരെയുള്ള റീച്ചിലെ പൈപ്പിടലാണ് പൂർത്തിയായത്. ചെറിയ ജോലികൾ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.
നഗരത്തിൽ സ്വകാര്യ സ്ഥലങ്ങളെ ബാധിക്കാതെ റോഡുകളിലൂടെയാണ് പൈപ്പ്ലൈൻ കടന്നു പോകുന്നത്. കളിലേക്ക് പ്രകൃതിവാതകം എത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയുടെ ഭാഗമായി നഗരത്തിൽ ആറിടത്ത് ഡിസ്ട്രിക്ട് റെഗുലേറ്റിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ഗ്യാസ് വിവിധ മേഖലകളിലേക്ക് തിരിച്ച് വിടുന്നതിനും മർദം ക്രമീകരിക്കാനുമുള്ളതാണ് സ്റ്റേഷനുകൾ. പദ്ധതിയുടെ കരാറുകാരായ ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ് പ്രൈവറ്റ് ലിമിറ്റഡിന്റെ അപേക്ഷയിൽ ചേവായൂരിലെ പാർക്കിന് മുൻവശം, ത്വഗ് രോഗ ആശുപത്രിക്കടുത്തെ ആർ.ടി.ഒ ഗ്രൗണ്ടിന് സമീപം, കണ്ടംകുളം ജൂബിലി ഹാളിനരികിലുള്ള രാമൻ മേനോൻ റോഡിലെ ടെമ്പോ സ്റ്റാന്റിന് സമീപം, ബീച്ചിൽ ബി.എസ്.എൻ.എൽ ഓഫിസിനടുത്ത്, ആദായനികുതി ഓഫിസിന് മുൻവശം ബസ് സ്റ്റോപ്പിനരികിൽ, വെസ്റ്റ്ഹിൽ ഗരുഡൻകുളം പാർക്കിന് പിന്നിൽ എന്നിവിടങ്ങളിലാണ് സ്റ്റേഷൻ ഒരുക്കാൻ നഗരസഭ അനുമതി നൽകിയത്.
എട്ടു വർഷം കൊണ്ട് 142 കംപ്രസ്ഡ് നാചുറൽ ഗ്യാസ് (സി.എൻ.ജി) പമ്പുകളിലും 2.5 ലക്ഷം വീടുകളിലും കണക്ഷൻ നൽകുകയാണ് ലക്ഷ്യം.