തുറയൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടിയ വിദ്യാർത്ഥിക്ക് സൈക്കിളിൽ നിന്ന് വീണ് പരിക്ക്
തെരുവുനായശല്യം രൂക്ഷമാകുന്നതിനിടയിൽ തുറയൂർ കിഴക്കയിൽ മീത്തൽ വിനീഷിന്റെ മകൻ അനന്തദേവിന് സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റു. രാവിലെ സ്കൂളിലേക്ക് സൈക്കിളിൽ പോകുമ്പോൾ എട്ടിലധികം വരുന്ന നായകൂട്ടം സൈക്കിളിന് പിറകെ ഓടുകയും അനന്തു സൈക്കിളിൽ നിന്നും വീണ് പരിക്കേൽക്കുകയുമായിരുന്നു.
ഈ സമയം ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടികൾ അവിടെ എത്തി നായ്ക്കളെ ഓടിച്ചതു കൊണ്ട് നായ്ക്കളുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി കുട്ടി രക്ഷപ്പെട്ടു.
വീഴ്ചയില്‍ കുട്ടിക്ക് കൈക്കും മൂക്കിനും പരിക്കേറ്റു. കൊയിലാണ്ടി ഗവ. ആശുപത്രിയില്‍ ചികിത്സ നേടി. തുറയൂർ ഗവണ്മെന്റ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അനന്തദേവ്.
അതേസമയം പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ വളർത്തുമൃഗങ്ങൾക്കും നിർബന്ധമായും വാക്സിൻ നൽകണമെന്ന് തുറയൂർ പഞ്ചായത്തിന്റെ നിർദേശം. ഈ സെപ്റ്റംബർ പതിനഞ്ച് മുതൽ പതിനേഴ് വരെ പാലച്ചുവട് മൃഗാശുപത്രിയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ രാവിലെ പത്തുമുതൽ ഒരു മണിവരെ പ്രതിരോധ കുത്തിവെപ്പ് എടുക്കാം.
മുൻപ് വാക്സിൻ എടുത്ത കാലാവധി കഴിഞ്ഞതും ഇതുവരെ വാക്സിൻ സ്വീകരിക്കാത്തതുമായ മുഴുവൻ വളർത്തുമൃഗങ്ങൾക്കും വാക്സിൻ നൽകാനാണ് നിർദ്ദേശം. സെപ്റ്റംബർ 25നുള്ള പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ വളർത്തുപട്ടികൾക്കും പഞ്ചായത്ത് ലൈസൻസ് എടുക്കണം. ലൈസൻസ് എടുക്കാത്തവരിൽ നിന്ന് ദിവസം 50 രൂപ വീതം പിഴയീടാക്കും.