‘സൂര്യയോഗ വടകര ചാപ്റ്റർ’ ഇനി ജൈവകൃഷിയിലേക്ക്
വടകര:വർഷങ്ങളായി നാരായണ നഗറിൽ നിത്യവും രാവിലെ മുടങ്ങാതെ സൂര്യയോഗ നടത്തുന്ന ‘സൂര്യയോഗ വടകര ചാപ്റ്റർ’ ജൈവകൃഷിയിലേക്ക് പ്രവേശിക്കുന്നു. നൂറോളം പേരുള്ള സംഘടനയിലെ മുഴുവൻ അംഗങ്ങളും അവരുടെ വീട്ടുവളപ്പിൽ ഒറ്റയ്ക്കും കൂട്ടായും ജൈവകൃഷി ആരംഭിക്കുന്ന പദ്ധതിയ്ക്കാണ് തുടക്കമിട്ടത്. അംഗങ്ങൾക്ക് ജൈവ വിത്തുകൾ വിതരണം ചെയ്യുകയും കൃഷി നടത്തുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. നിശ്ചിത ഇടവേളകളിൽ കൃഷിയിടം സന്ദർശിച്ച് പുരോഗതി വിലയിരുത്തി സമ്മാനങ്ങൾ നൽകുകയും ചെയ്യും.
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ജൈവ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തുകൊണ്ട് വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ നിർവഹിച്ചു. സൂര്യയോഗ പരിശീലകൻ പടന്നയിൽ അരവിന്ദാക്ഷൻ അധ്യക്ഷനായി. പറമ്പത്ത് രവീന്ദ്രൻ മുഴുവൻ അംഗങ്ങൾക്കും ഉള്ള ജൈവവിത്ത് സംഭാവന ചെയ്തു. വി പവിത്രൻ, എൻ ഇന്ദിര, പി എം ഗംഗാധരൻ, എം കെ സരസ്വതി, പി കെ നാരായണൻ, എം എം ശ്രീജിന,എം കെ അരവിന്ദാക്ഷൻ, കെ പി അനിത, സ്വർണ്ണ കുമാരി, സി വി രജീഷ് പി പി ചന്ദ്രിക, എൻ നളിനി തുടങ്ങിയവർ സംസാരിച്ചു. വെണ്ട, ചീര, തക്കാളി, പയർ, മുളക്, കയ്പ്പ, മത്തങ്ങ, ചുരങ്ങ, പൊട്ടിക്ക, വെള്ളരി തുടങ്ങിയവയുടെ വിത്തുകൾ അടങ്ങിയ കിറ്റ് ആണ് വിതരണം ചെയ്തത്.