ഭാരത് ജോഡോ യാത്രയുടെ ഭാഗമാവാൻ പ്രിയങ്ക ഗാന്ധി കേരളത്തിലേക്ക്
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലേക്ക്. ഭാരത് ജോഡോ യാത്രയുടെ ഭാഗമാവുന്നതിന് വേണ്ടിയാണ് പ്രിയങ്ക കേരളത്തിലേക്കെത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. യാത്ര 275 കിലോമീറ്റര്‍ ദൂരം പിന്നിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയിലൂടെ ഞങ്ങള്‍ 275 കിലോമീറ്റര്‍ ദൂരം പിന്നിട്ടു. ഇന്നത്തോടെ 285 കിലോമീറ്റര്‍ ദൂരം പിന്നിടും.കേരളത്തിൽ വെച്ച് യാത്രയുടെ ഭാഗമാകാനാണ് പ്രിയങ്കയുടെ തീരുമാനമെന്ന് ജയ്‌റാം രമേശ് കൂട്ടിച്ചേർത്തു.
ഒക്ടോബര്‍ 17ന് നടക്കുന്ന കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോള്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഭാരത് ജോഡോ യാത്ര വിജയമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നായിരുന്നു ജയ്‌റാം രമേശിന്റെ മറുപടി. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആരും സോണിയയുടെയോ രാഹുലിന്റെയോ അനുവാദം തേടേണ്ടതില്ലെന്നാണ് ശശി തരൂര്‍ സോണിയയില്‍ നിന്ന് അനുവാദം വാങ്ങിയല്ലോയെന്ന ചോദ്യത്തോടുള്ള ജയ്‌റാം രമേശിന്റെ പ്രതികരണം. അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ താന്‍ പിന്മാറുമെന്ന് അതിനിടെ ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മടങ്ങി വരണമെന്ന് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുകയാണ് കെപിസിസി.