CALICUTDISTRICT NEWSMAIN HEADLINES

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തില്‍ ട്രോമാകെയര്‍ യൂണിറ്റ് സ്ഥാപിക്കും – മന്ത്രി കെ കെ ശൈലജ ടീച്ചര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തിലുള്ള ട്രോമാ കെയര്‍ യൂണിറ്റ് സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവീകരിച്ച ഹൈടെക് ഫാര്‍മസിയുടെയും  പ്രവൃത്തി പൂര്‍ത്തീകരിച്ച പാരാമെഡിക്കല്‍ ഹോസ്റ്റലിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 8.4 കോടി രൂപ ചെലവില്‍ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റ് എന്ന നിലയില്‍ ലെവല്‍ ഒന്ന് നിലവാരത്തിലുള്ള ട്രോമാകെയര്‍ യൂണിറ്റാണ് ആരംഭിക്കുക. മുന്‍ ബജറ്റില്‍ എട്ട് കോടി രൂപ അനുവദിച്ചിരുന്നു. ഈ തുകയും ട്രോമാ കെയര്‍ യൂണിറ്റ് നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തും. ആശുപത്രിയുടെ സമഗ്ര വികസനത്തിനായി 200 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി വരികയാണ്. കിഫ്ബി മുഖേന ഫണ്ട് ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്.  വിവിധ മേഖലകളില്‍ നിന്ന് ധനസമാഹരണം നടത്തി ആശുപത്രിയില്‍ ഇതിനോടകം സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. പുതുതായി 235  നഴ്സിംഗ് തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്താന്‍ സര്‍ക്കാരിന് സാധിച്ചു.  250 പേര്‍ക്ക് താമസിക്കാവുന്ന വിധത്തില്‍ 14 കോടി ചിലവില്‍ പുതിയ ഹോസ്റ്റലിന്റെ പ്രവൃത്തി നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.  മെഡിക്കല്‍ കോളേജ് നിള ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
നാലു കോടി രൂപ ചെലവില്‍ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിനടുത്തായാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹോസ്റ്റല്‍ നിര്‍മ്മിച്ചത്. മൂന്ന് നിലകളിലായി 50 കിടപ്പുമുറികളും, 12 ടോയ്ലറ്റ് ബ്ലോക്കുകളും, മൂന്ന് റിക്രിയേഷന്‍ റൂമുകളും, മൂന്ന് റീഡിംഗ് റൂമുകളും, വാര്‍ഡന്റെ റൂമും, ഡൈനിംഗ് ഹാളോടുകൂടിയ അടുക്കളയുമാണ് ഉള്‍പ്പെടുത്തിയത്. 35 ലക്ഷം രൂപ ചെലവഴിച്ചാണ് ഫാര്‍മസി നവീകരിച്ചത്. എട്ട് കൗണ്ടറുകളാണ് ഉള്ളത്. ഡിസ്പന്‍സിംഗ് ഏരിയ, സെമിനാര്‍ റൂം, ഹെഡ് ഫാര്‍മസിസ്റ്റ് റൂം, കൗണ്‍സിലിംഗ് റൂം, സ്റ്റോര്‍ റൂം, മെഡിസിന്‍ മിക്സിംഗ് ഏരിയ, റെസ്റ്റ് റൂം, ടോയ്ലറ്റ് സൗകര്യം എന്നീ സൗകര്യങ്ങളും ഉണ്ട്.  ആരോഗ്യവകുപ്പ് തയ്യാറാക്കിയ നിപ കൈപുസ്തകം മന്ത്രി ശൈലജ ടീച്ചര്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.  കൗണ്‍സിലര്‍ ഷെറീന വിജയന്‍, പ്രിന്‍സിപ്പല്‍ ഡോ. വി. ആര്‍ രാജേന്ദ്രന്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ പ്രതാപ് സോംനാഥ്, എം.സി.എച്ച് സൂപ്രണ്ട് ഡോ. കെ.ജി സജീത്ത് കുമാര്‍, ഐ.എം.സി.എച്ച് സൂപ്രണ്ട് സി. ശ്രീകുമാര്‍. ഐ.സി.ഡി സൂപ്രണ്ട് ഡോ ടി.പി രാജഗോപാല്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി സൂപ്രണ്ട് ഡോ കെ.എം കുര്യാക്കോസ്,  എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ലേഖ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button