KERALA
പാലാരിവട്ടം പാലം അഴിമതി: ടി. ഒ. സൂരജിനെ ചോദ്യം ചെയ്യാൻ അനുമതി
കൊച്ചി∙ പാലാരിവട്ടം പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജിനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘത്തിന് അനുമതി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അനുമതി നൽകിയത്. നാളെ രാവിലെ പത്തു മുതൽ ഒന്നു വരെ ചോദ്യം ചെയ്യാം. സൂരജ് റിമാൻഡിൽ കഴിയുന്ന മൂവാറ്റുപുഴ സബ് ജയിലിൽ വച്ചാണ് ചോദ്യം ചെയ്യേണ്ടത്. സൂരജിനെ ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു
അതേസമയം, പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേഷണം സംബന്ധിച്ച കേസ് ഡയറി ഹാജരാക്കാൻ വിജിലൻസിന് ഹൈക്കോടതി നിർദേശം നൽകി. കേസ് അന്വേഷണം ഒരു ഘട്ടം കഴിഞ്ഞ പശ്ചാത്തലത്തിൽ ഇനി തന്നെ ജുഡിഷ്യൽ കസ്റ്റഡിയിൽ വയക്കേണ്ടതില്ലെന്നു കാണിച്ച് അറസ്റ്റിലുള്ള പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ് സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദേശം. കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനാണ് കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ടതെന്നു കോടതി വ്യക്തമാക്കി.
Comments