പോലീസ് അകാരണമായി തടഞ്ഞുവെച്ചു; പി എസ് സി പരീക്ഷ എഴുതാനാവാതെ യുവാവ്
പെറ്റിക്കേസിന്റെ പേരില്‍ പോലീസ് അകാരണമായി തടഞ്ഞുവെച്ചതോടെ യുവാവിന് പി എസ് സി പരീക്ഷ എഴുതാനായില്ല. രാമനാട്ടുകര അരുണ്‍ നിവാസില്‍ പാണേഴി മേത്തല്‍ അരുണ്‍ (29) ആണ് പോലീസിന്റെ അനാസ്ഥകൊണ്ട് പി എസ് സി പരീക്ഷ എഴുതാനായില്ലെന്ന് പറഞ്ഞ് ഫറോക്ക് അസി. കമ്മിഷണറോട് പരാതിപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മീഞ്ചന്ത ജി വി എച്ച്എസ് സ്‌കൂളിലായിരുന്നു പരീക്ഷാകേന്ദ്രം. ഫറോക്ക് സ്റ്റേഷനു സമീപത്തെത്തിയതോടെ ഗതാഗതതടസ്സം ഉണ്ടായതിനെ തുടർന്ന് സെന്ററിലെത്തുമ്പോഴേക്ക് സമയം വൈകുമെന്നയപ്പോൾ ഫറോക്ക് പുതിയപാലത്തില്‍നിന്ന് യുടേണ്‍ എടുത്ത് ഫറോക്ക് ടൗണ്‍ വഴി പോവാനൊരുങ്ങി. ജങ്ഷനിലെത്തിയതോടെ അവിടെ ഗതാഗതം നിയന്ത്രിക്കുന്ന ഒരു പോലീസുകാരന്‍ താന്‍ സഞ്ചരിച്ച ബൈക്ക് തടയുകയും, പോലീസുകാരന്‍ പറഞ്ഞതനുസരിച്ച് ബൈക്ക് സൈഡിലേക്ക് മാറ്റിയിട്ടപ്പോള്‍ ബൈക്കിന്റെ ചാവിയൂരി പോലീസുകാരന്‍ വീണ്ടും ഗതാഗതം നിയന്ത്രിക്കാനായി പോയി. പരീക്ഷയ്ക്ക് പോവുകയാണെന്നും ഉച്ചയ്ക്ക് 1.30-നകം പരീക്ഷാകേന്ദ്രത്തിലെത്തണമെന്നും നേരം വൈകുന്നുവെന്നും പലയാവര്‍ത്തി പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ലെന്ന് അരുണ്‍ പറയുന്നു.
അതേസമയം പി എസ് സി എഴുതാന്‍പോയ ഉദ്യോഗാര്‍ഥിയെ അകാരണമായി തടഞ്ഞുവെച്ച ഫറോക്ക് സ്റ്റേഷനിലെ സീനിയര്‍ സി പി ഒ രഞ്ജിത്ത് പ്രസാദിനെ ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.