ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം
ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് (12-12-2022) യോഗം ചേരും. ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസും ദേവസ്വം ബോർഡും രണ്ടു തട്ടിലാണ്. നിയന്ത്രണം വേണ്ട എന്നാണ് ബോർഡിന്റെ വാദം. എന്നാൽ വെർച്വൽ ക്യൂ എണ്ണം നിയന്ത്രിക്കണമെന്നാണ് പോലീസിന്റെ വാദം.
വെർച്വൽ ക്യൂ വഴി അല്ലാതെയും സ്വാമിമാർ എത്തിയതോടുകൂടി സന്നിധാനത്തെ തിരക്കിന്റെ നിയന്ത്രണം വിട്ടുപോകുന്നതായി പോലീസ് പറയുന്നു. ശനിയാഴ്ച രാത്രി ഏഴുമണിയോടെ മരക്കൂട്ടത്ത് നിരവധി പേർക്ക് തിരക്കിൽപ്പെട്ട് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് വെർച്വൽ ക്യൂ ബുക്കിങ്ങിന് നിയന്ത്രണം കൊണ്ടുവരണമെന്ന് പോലീസ് നിർദേശിച്ചത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ദേവസ്വം കമ്മിഷണർക്ക് നൽകും. ഉൾക്കൊള്ളാൻ കഴിയുന്നതിലധികം പേർ എത്തിയതാണ് തിരക്കിന് ഇടയാക്കിയതെന്ന് ശബരിമല പോലീസ് ചീഫ് കോ-ഓർഡിനേറ്റർ എ ഡി ജി പി എം ആർ അജിത്കുമാർ പറഞ്ഞു.
നിലവിലുള്ള പ്രതിദിന വെർച്വൽ ക്യൂ ബുക്കിങ് ഒരുലക്ഷത്തി ഇരുപതിനായിരമാണ്. ഇത് 85,000 ആക്കി പരിമിതപ്പെടുത്തണമെന്നാണ് പോലീസ് നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി വൻ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.
ദർശനസമയം ഒരുമണിക്കൂർ കൂട്ടാനാകുമോയെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ദേവസ്വം ബോർഡിനോട് ചോദിച്ചിരുന്നു. എല്ലാവർക്കും ദർശനം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. തന്ത്രിയോട് ആലോചിച്ച് തീരുമാനം എടുക്കാനാണ് നിർദേശം. തിരക്ക് പരിഗണിച്ച് ഞായറാഴ്ച ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത്കുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് ഓൺലൈൻവഴി പ്രത്യേകം സിറ്റിങ് നടത്തുകയായിരുന്നു.