SPECIAL

വ്രതാനുഷ്ഠാനങ്ങളുടെ പവിത്രതയും സൗന്ദര്യവും വിളിച്ചോതി ഇന്ന് ധനുമാസത്തിലെ തിരുവാതിര

വ്രതാനുഷ്ഠാനങ്ങളുടെ പവിത്രതയും സൗന്ദര്യവും വിളിച്ചോതി ഇന്ന് ധനുമാസത്തിലെ തിരുവാതിര.  ഈ വർഷം ജനുവരി 6-നാണ് തിരുവാതിര നക്ഷത്രം വരുന്നത്. ജനുവരി 5 വ്യാഴാഴ്ച്ച രാത്രി ഉറക്കമിളക്കലോടെ വ്രതം ആരംഭിക്കുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച് മകയിരം നക്ഷത്രവും തിരുവാതിരയും ചേര്‍ന്ന തിരുവാതിരയാണ് പരമശിവന്റെ പിറന്നാള്‍ ദിനം. പാര്‍വതി ദേവിയുടെ കഠിന തപസിന്റെ ഫലമായി പരമശിവന്‍ ദേവിയെ പരിണയിക്കാന്‍ സമ്മതിച്ചത് ഈ ദിനത്തിലാണെന്നും ഐതീഹ്യം.  ശിവ-പാർവ്വതിമാരുടെ അനുഗ്രഹത്തിനാണ് തിരുവാതിര വ്രതവും മറ്റു ചടങ്ങുകളും അനുഷ്ഠിക്കുന്നത്.

കന്യകമാര്‍ മംഗല്യ ഭാഗ്യത്തിനും ദമ്പതിമാര്‍ ദാമ്പത്യ സൗഖ്യത്തിനും ദീര്‍ഘ സുമംഗലി യോഗത്തിനും തിരുവാതിര നൊയമ്പെടുക്കുന്നു. പാതിരപ്പൂചൂടിയെത്തുന്ന മങ്കമാര്‍ ധനുമാസ തിരുവാതിരയുടെ അഴകാണ്.

തിരുവാതിരകളി, തിരുവാതിര വ്രതം, ഉറക്കമൊഴിക്കല്‍, പാതിരാപൂചൂടല്‍, തുടിച്ചുകുളി എന്നിവയെല്ലാം മുറപോലെ ആഘോഷിച്ച് സ്ത്രീകള്‍ മംഗല സൗഭാഗ്യത്തിനും നല്ല കുടുംബ ജീവിതത്തിനുമായി പ്രാര്‍ത്ഥിക്കുന്നു. മകയിരം നൊയമ്പും, തിരുവാതിര നൊയമ്പും, എട്ടങ്ങാടി നിവേദ്യവും പൂത്തിരുവാതിര ആഘോഷങ്ങളും ചേര്‍ന്ന രസക്കാഴ്ചയാണ് മലയാളികള്‍ക്ക് തിരുവാതിര ആഘോഷങ്ങള്‍.

അതിരാവിലെ കുളത്തിൽ‌പ്പോയി തിരുവാതിരപ്പാട്ട് പാടി കുളിച്ച് , കുളക്കരയിൽ വെച്ചു തന്നെ പൊട്ടുതൊട്ട്, ദശപുഷ്പം ചൂടി വരികയാണ് പതിവ്. കറുക, കൈയ്യോന്നി, മുക്കുറ്റി, നിലപ്പന, ഉഴിഞ്ഞ, ചെറൂള, തിരുതാളി, മുയൽച്ചെവി, കൃഷ്ണക്രാന്തി, പൂവാം കുരുന്നില, എന്നിവയാണ് ദശപുഷ്പങ്ങൾ.

മുങ്ങി കുളിക്കലിനോടൊപ്പം നോയമ്പ് നോൽക്കൽ, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ. പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഒരു തറവാട്ടുമുറ്റത്ത് ഒത്തുചേർന്നായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്. എന്നാൽ ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ ആഘോഷം ചുരുക്കം ചില കുടുംബങ്ങളിലും ശിവക്ഷേത്രങ്ങളിലും മാത്രം ഒതുങ്ങി നിൽക്കുന്നു.

ഉമാമഹേശ്വരപ്രീതിയെ ഉദ്ദേശിച്ചുള്ള വ്രതമാണ് തിരുവാതിരനോമ്പ്.  ഈ ദിവസങ്ങളിൽ അരിഭക്ഷണം പാടില്ല. തിരുവാതിര നാൾ ഉള്ള രാത്രിയിൽ ആണ്, ഉറക്കമൊഴിക്കൽ. തിരുവാതിര നാൾ തീരുന്നതുവരെ ഉറങ്ങാൻ പാടില്ല. (ചില സ്ഥലങ്ങളിൽ മകയിരം നാളിലാണ് ഉറക്കമൊഴിക്കൽ) .

തിരുവാതിരദിനത്തിൽ പുലർച്ചെ  ശരീരശുദ്ധി വരുത്തി നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കും. ഗായത്രി മന്ത്രം ചൊല്ലുന്നത് ഉത്തതമമെന്ന് വിശ്വാസം. പഞ്ചാക്ഷരീ മന്ത്രം, പഞ്ചാക്ഷരീ സ്തോത്രം, ശിവപുരാണം, ശിവസഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നതും ഉത്തമം. തിരുവാതിരനാൾ‌ കഴിഞ്ഞ് അരിഭക്ഷണം കഴിച്ചോ ശിവക്ഷേത്ര ദർശനം നടത്തി തീർഥം സേവിച്ചോ വ്രതം അവസാനിപ്പിക്കുന്നു.

തിരുവാതിര വ്രതം എടുക്കുന്നവരും ആഘോഷിക്കുന്നവരും പ്രധാനമായും ഉപയോഗിക്കുന്ന വിഭവങ്ങൾ കിഴങ്ങുവർഗ്ഗങ്ങൾ കൊണ്ട് ഉണ്ടാക്കുന്നവയാണ്‌. പുരാതനമായ ആചാരങ്ങളിൽ അക്കാലത്ത് വിളവെടുക്കുന്ന വിളയിനങ്ങൾ ഉപയോഗിക്കാറുണ്ടായിരുന്നു. തിരുവാതിരനാളിൽ കൂവ കുറുക്കി കഴിക്കുന്നത് പതിവാണ്. കൂവപ്പൊടിയും ശർക്കരയും തേങ്ങയും ചേർന്നതാണ് ഇത്.

തിരുവാതിര തീരുന്ന സമയം കഴിഞ്ഞാൽ അരിഭക്ഷണം കഴിച്ച് നോയമ്പ് അവസാനിപ്പിക്കുന്നു. കാച്ചിൽ, കൂർക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, വെട്ടുചേമ്പ്, ചെറുചാമ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന തിരുവാതിര പുഴുക്ക് തിരുവാതിര ആഘോഷത്തിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്‌. ഓരോ ദിവസവും പ്രാതലും ഉച്ചഭക്ഷണവും ഓരോ കിഴങ്ങുവർഗ്ഗങ്ങൾ ആയിരിക്കും. അരിയാഹാരം ദിവസത്തിൽ ഒരു നേരം മാത്രമേ ഉപയോഗിക്കാറുള്ളൂ. മകയിരം നാളിൽ ആണ് എട്ടങ്ങാടി എന്ന വിഭവം ഉണ്ടാക്കുന്നത്. അതിൽ കടല, ചെറുപയർ, തുവര, മുതിര, ഗോതമ്പ്, ചോളം, ഉഴുന്ന്, മമ്പയര്‍, എന്നീ ധാന്യങ്ങളും, കിഴങ്ങ്, കപ്പക്കിഴങ്ങ്, ഏത്തക്കായ, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, കൂർക്ക, എന്നീ കിഴങ്ങുകളും അടങ്ങിയിരിക്കുന്നു.

ധാന്യങ്ങൾ വേവിച്ചെടുത്തും, കിഴങ്ങുകൾ ചുട്ടെടുത്തും,ആണ് ഉപയോഗിക്കേണ്ടത്. ശർക്കര( വെല്ലം) പാവ് കാച്ചി, അതിൽ കൊപ്ര, കരിമ്പ്, ഓറഞ്ച്, ചെറുനാരങ്ങ, എന്നിവ ചെറുതായി അരിഞ്ഞിട്ട്, എള്ള്, തേൻ, അല്പം നെയ്യ്, ഏത്തപ്പഴം ചുട്ടത്, എന്നിവ ചേർത്ത്, വേവിച്ച ധാന്യങ്ങളും, ചുട്ടെടുത്ത കിഴങ്ങുകളും യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുക.

സ്ത്രീകൾ ഒത്തുകൂടി തിരുവാതിരപ്പാട്ട് പാടിക്കളിച്ചതിനു ശേഷം ദശപുഷ്പം വെച്ച വൃക്ഷച്ചോട്ടിൽ പോയി അത് ചൂടി വരുന്നതാണ് പൂച്ചൂടൽ. “ഒന്നാനാം മതിലകത്ത് ഒന്നുണ്ടുപോൽ പൂത്തിലഞ്ഞി, പൂത്തിലഞ്ഞിപ്പൂപ്പറിയ്ക്കാൻ പോരുന്നുണ്ടോ തോഴിമാരേ” എന്ന് പാടി , “പത്താനാം മതിലകത്ത്” എന്ന് വരെ പാടുമ്പോഴേക്കും ദശപുഷ്പം വെച്ചിരിക്കുന്ന വൃക്ഷച്ചോട്ടിൽ എത്തി പൂച്ചൂടി വരികയാണ് പതിവ്.

വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പുത്തൻ തിരുവാതിര അഥവാ പൂതിരുവാതിര.  രാത്രി മുഴുവൻ തിരുവാതിര കളിച്ച ശേഷം വെളുപ്പിനെ ആറ്റിലോ കുളത്തിലോ തുടിച്ചു കുളിക്കും. രാവിലെ ക്ഷേത്രദർശനം നടത്തും. മറ്റു പല ശേഷദിവസങ്ങളുടേയും പതിവുപോലെ തിരുവാതിരയ്ക്കും വീടുകളിൽ ഊഞ്ഞാൽ കെട്ടുന്ന പതിവുണ്ട്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button