ആശയക്കുഴപ്പത്തിൽ ഭക്ഷണശീലങ്ങൾ; മലയാളികളുടെ 7 അബദ്ധധാരണകൾ

ഭക്ഷണത്തെക്കുറിച്ച് എന്തെല്ലാം അന്ധവിശ്വാസങ്ങളാണുള്ളത്. കടൽ വിഭവങ്ങളെല്ലാം കുഴപ്പമാണെന്നു കരുതിയവരുണ്ടായിരുന്നു. നമ്മുടെ വെളിച്ചെണ്ണയെ വില്ലനാക്കി എന്തെല്ലാം വിവാദങ്ങളാണുണ്ടായത്? പ‌ിന്നീട് ഇവയെല്ലാം തെറ്റാണെന്നു തെളിഞ്ഞു. ഇപ്പോഴുമുണ്ട് ചില ആശയക്കുഴപ്പങ്ങൾ. അതു പോലെ തന്നെയല്ലേ ഇത് എന്ന ആശങ്ക. അതിൽ ചിലതിനെക്കുറിച്ച് വായിക്കാം.

 

വെള്ളം തന്നെ വേണോ?
വെള്ളത്തിനു പകരം ജലമടങ്ങിയ ഭക്ഷണമോ പാനീയമോ പോരെ? പോര.പഴങ്ങളോ അവയുടെ ചാറോ പച്ചക്കറികളോ ചായയോ കാപ്പിയോ മറ്റ് വസ്തുക്കളോ വെള്ളത്തിന്റെ ഫലം തരില്ല. ശരീരത്തിൽ നിന്നു ജലാംശം നഷ്‌ടപ്പെടുമ്പോൾ  ആ കുറവു നികത്താൻ വെള്ളത്തിനുമാത്രമേ സാധിക്കൂ.
മെലിയാൻ ചോറും ചപ്പാത്തിയും ഉപേക്ഷിച്ചാലോ?
പ്രോട്ടീൻ (മാംസ്യം) കൂടുതലുള്ളതും കാർബോ ഹൈഡ്രേറ്റ് (അന്നജം) കുറഞ്ഞതുമായ ഭക്ഷണം കഴിച്ചാൽ മെലിഞ്ഞു സുന്ദരിയോ സുന്ദരനോ ആകാമെന്നാണ് പൊതുവേയുള്ള ധാരണ.  എന്നാൽ  ഇതു ശരിയല്ല.  അന്നജവും നിശ്‌ചിത അളവിൽ ശരീരത്തിനു വേണം. 130 ഗ്രാം അന്നജമെങ്കിലും ദിവസം ഉള്ളിൽ ചെന്നില്ലെങ്കിൽ രക്‌തത്തിൽ കീറ്റോണുകൾ (കൊഴുപ്പ് ഘടകങ്ങൾ) രൂപം കൊള്ളാൻ കാരണമാകും. ഇത് യൂറിക് ആസിഡിന്റെ അളവുകൂട്ടും.
ജ്യൂസ് കുടിച്ചാൽ കൊഴുപ്പ‌് അലിയുമോ?
കൊഴുപ്പിനെ അലിയിക്കാനുള്ള കഴിവ് പഴച്ചാറുകൾക്കുണ്ടെന്ന വാദം തെറ്റാണ്.  ഒരു ഭക്ഷണത്തിനും കൊഴുപ്പിനെ ഇല്ലാതാക്കാനുള്ള കഴിവില്ല. മുന്തിരി ജ്യൂസ്, കാബേജ് സൂപ്പ് തുടങ്ങിയവ കൊഴുപ്പിനെ ദഹിപ്പിക്കുമെന്ന വിശ്വാസം ശരിയല്ല. കഫീൻ അടങ്ങിയ പാനീയങ്ങൾ ദഹനത്തിന്റെ വേഗത കൂട്ടുമെന്നു മാത്രം.
ചായയോ കാപ്പിയോ ഇഷ്ടം പോലെ കുടിക്കാമോ?
കാപ്പിയും ചായയും ശരീരത്തിലെ ജലാംശം കുറയ്‌ക്കുകയും ചൂടു കൂട്ടുകയും ചെയ്യും. ചൂടോടെ കഴിക്കുന്നതിനാൽ വിയർപ്പിന്റെ രൂപത്തിൽ ജലാംശം നഷ്‌ടപ്പെടാം. വൃക്ക, ത്വക്ക് എന്നീ അവയവങ്ങളെപ്പോലും ബാധിക്കാൻ ഇവ കാരണമാകും. കഫീന്റെ അമിതഉപയോഗം ഉറക്കം നഷ്ടപ്പെടുത്താം. അൾസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉള്ളവരും അമിതമായ ചായ, കാപ്പി കുടി ഒഴിവാക്കുന്നതാണ് നല്ലത്.  കഫീൻ ചുരുങ്ങിയ അളവിൽ ലഭിച്ചാലേ ഉന്മേഷം ലഭിക്കൂ.അതിനാൽ മിതമായി കഴിക്കാം.
[Image: ബിരിയാണിയുടെ മൊഞ്ച് കൂട്ടുന്ന മസാലപ്പൊടിയുടെ രഹസ്യം]

ബിരിയാണിയുടെ മൊഞ്ച് കൂട്ടുന്ന മസാലപ്പൊടിയുടെ രഹസ്യം

ചക്ക പ്രമേഹത്തിന് നന്നോ?
ചക്ക പ്രമേഹം കുറയ്ക്കുമെന്ന ധാരണയുണ്ട്.  പ്രമേഹം കുറയ്ക്കാൻ ചക്കയ്ക്ക് കഴിവുണ്ട്. പക്ഷേ ഇത് പഴുത്ത ചക്കയല്ല. പച്ചച്ചക്ക പുഴുക്കാക്കിയോ, മറ്റേതെങ്കിലും വിഭവമാക്കിയോ കഴിച്ചാൽ പ്രമേഹം കുറയുമെന്നു പഠനങ്ങൾ പറയുന്നു. പഴുത്ത ചക്കയിൽ പഞ്ചസാരയുടെ  അളവ് കൂടുതലാണ്, അതായത് പഴുത്ത ചക്കയിൽ ഗ്ലൈസിമിക് ലോഡ് വളരെ കൂടുതലാണ്. എന്നാൽ പച്ചച്ചക്കയിൽ അന്നജത്തിന്റെ അളവ് കുറവായിരിക്കും.  ധാന്യങ്ങളെക്കാൾ ഇതിൽ അന്നജം 40% കുറവാണ്. കാലറിയും ഏതാണ്ട് 35–40% കുറവ്. പ്രമേഹം കുറയ്ക്കുന്ന മറ്റൊരു ഘടകവും പച്ചച്ചക്കയിലുണ്ട്– നാരുകൾ. പച്ചച്ചക്കയിലെ ഗ്ലൈസീമിക് ഇൻഡക്സ് കുറവാണ്. അതുകൊണ്ട് ഇടിച്ചക്ക, പച്ചച്ചക്ക എന്നിവ പ്രമേഹ രോഗികൾക്ക് കഴിക്കാം.
പഴച്ചാറുകളോ പഴമോ ?
ഉപ്പോളം വരുമോ ഉപ്പിലിട്ടത്? അതുപോലെ പഴങ്ങളോളം വരില്ല പഴച്ചാറുകൾ. പഴങ്ങളിൽനിന്നെടുക്കുന്ന പാനീയരൂപത്തിലുള്ള ജ്യൂസുകളിലെ നാരുകൾ നഷ്ടമാകുന്നു. .
നാരങ്ങാവെള്ളമോ, നാരങ്ങാസോഡയോ ?
നാരങ്ങാവെള്ളം തന്നെ നല്ലത്.സോഡ ചേർത്ത നാരങ്ങാവെള്ളം താൽക്കാലികമായി ദാഹത്തെ ശമിപ്പിക്കുമെങ്കിലും കാർബണേറ്റഡ് ഡ്രിങ്ക്സിന്റെ ദോഷമുണ്ട്. രുചി കൂട്ടാനായി തേനോ മിന്റോ ഇഞ്ചിയോ ചേർക്കാം.
Comments

COMMENTS

error: Content is protected !!