മധു ശ്രീശൈലം മരങ്ങൾ നട്ടു കൊണ്ടേയിരിക്കുകയാണ്…….
കൊയിലാണ്ടി നഗരസഭയിലെ ഇരുപത്തിയെട്ടാം ഡിവിഷനിലെ താമസക്കാരനായ മധു ശ്രീശൈലത്തിന് ഒരു സ്വപ്നമുണ്ട്. നഗരസഭാപരിധിയിലെ മുഴുവൻ വീടുകളിലും തന്റെ വകയായി ഒരു വ്യക്ഷത്തെ ഉണ്ടാവണമെന്ന സ്വപ്നമാണത്. കഴിഞ്ഞ വർഷം ഒക്ടോബർ പതിനഞ്ചിനാരംഭിച്ച “എല്ലാ വീട്ടിലും വൃക്ഷത്തൈ, എല്ലാ വീട്ടിലും പച്ചക്കറി ” പദ്ധതി ഇപ്പോൾ മുന്നൂറ് വീടിനടുത്ത് നടത്തിക്കഴിഞ്ഞു. വരുന്ന അഞ്ചുവർഷങ്ങൾ കൊണ്ട് തന്റെ സ്വപ്നം സാക്ഷാത്കരിക്കാമെന്ന പ്രതീക്ഷയിലാണ് ഇലടീഷ്യൻ ജോലി ചെയ്യുന്ന മധു.
തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തുനിന്നും വരുത്തിയതും, വീട്ടിൽ മുളപ്പിച്ചെടുക്കുന്നതുമായ മാവ്, പ്ലാവ്, ജാതി, മഹാഗണി, ബദാം, തൂവരശ്, മാഞ്ചിയം, ചാമ്പക്ക, പപ്പായ, മാതള നാരങ്ങ, റംബൂട്ടാൻ എന്നീ തൈകളാണ് വീടുകളിലെത്തി, വീട്ടുകാരുടെ സമ്മതത്തോടെ മധു തന്നെ കുഴി വെട്ടി നട്ടുപിടിപ്പിക്കുന്നത്. വ്യക്ഷത്തൈ കൂടാതെ കൈപ്പ,വെണ്ട, പയർ, ചീര, വഴുതിന, ഇളവൻ, മത്തൻ എന്നിവയടങ്ങിയ ഒരു പാക്കറ്റ് പച്ചക്കറി വിത്തും മധുവിന്റെ വകയായി വീട്ടുകാർക്ക് നൽകുന്നുണ്ട്. ജോലി സമയം കഴിഞ്ഞുള്ള നേരങ്ങളിലും ഞായറാഴ്ചയുമാണ് മധുവിന്റെ തനിയെ യുള്ള ഈ പരിസ്ഥിതി സംരക്ഷണ പ്രവർത്തനം. സഞ്ചരിക്കാൻ ഒരു സൈക്കിൾ പോലുമില്ലെങ്കിലും മറ്റു വാർഡുകളിലെ കൗൺസിലർമാരുടെയും, പ്രകൃതി സ്നേഹികളുടെയും സഹായത്തോടെ നഗരസഭയിലെ എല്ലാ വീടുകളിലും തന്റെ സ്വപ്ന പദ്ധതി നട്ടുപിടിപ്പിക്കാമെന്നാണ് മധു കരുതുന്നത്.
കാലാവസ്ഥാ വ്യതിയാനവും, ആഗോള താപനവും മനുഷ്യ വംശത്തിന്റെ തന്നെ നിലനിൽപ്പിന് ഭീഷണിയുയർത്തുന്നവർത്തമാന കാലത്ത് മധുവിന്റെ ഈ പ്രവർത്തനവും ഒരു പ്രതീക്ഷയും, പ്രതിരോധവുമാണ്.