SPECIAL
നഗരം ദീപാവലി മധുരത്തിലേക്ക്
![](https://calicutpost.com/wp-content/uploads/2019/10/mm-300x219.jpg)
ദീപാവലിക്ക് രണ്ടുദിവസം മാത്രം ബാക്കി നിൽക്കേ നഗരം ദീപാവലിയെ വരവേൽക്കാൻ ഒരുങ്ങി. മധുരസേവയും മൺചെരാതിൽ വിളക്കു തെളിയിക്കുമെല്ലാമാണ് പ്രധാന ആചാരങ്ങൾ. കച്ചവടവുമായി ബന്ധപ്പെട്ട ആഘോഷംകൂടിയാണ് ദീപാവലി. ദീപാവലി നാളിലെ പ്രത്യേക മുഹൂർത്തങ്ങളിൽ കച്ചവടം തുടങ്ങാനും വിശ്വാസികൾ തിരഞ്ഞെടുക്കാറുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് കോഴിക്കോടേക്ക് കുടിയേറിയവരും വ്യത്യസ്തരീതികളിൽ ഞായറാഴ്ച ദീപാവലി ആഘോഷിക്കും.
രസമൂറും മധുരപലഹാരങ്ങളുടെ കടന്നുവരവിന്റെ കാലംകൂടിയാണ് ദീപാവലി. ഗുജറാത്തിൽനിന്നും ഹരിയാണയിൽനിന്നുമെല്ലാം പലതരം മധുരപലഹാരങ്ങളാണ് ഇവിടെയെത്തുന്നത്. ബംഗാളി സ്വീറ്റ്സ് ആണ് ഈ വർഷത്തെ പ്രധാന വിഭവം. പഞ്ചസാരയും പാലും നെയ്യും കശുവണ്ടിയും ബദാമുമൊക്കെ ചേർത്തുള്ള രുചിക്കൂട്ടുകളാണിവ. പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകാനായി ഗിഫ്റ്റ് ബോക്സുകളിലും മധുരപലഹാരങ്ങൾ ലഭ്യമാണ്.
മൈസൂർ പാക്ക്, ലഡു, കൂളി, മോഹൻതാൽ എന്നിവ അടങ്ങിയ ഉത്തരേന്ത്യൻ മധുരപലഹാരങ്ങൾക്കും ഡിമാൻഡ് കൂടുതലാണ്. അണ്ടിപരിപ്പുപയോഗിച്ചുണ്ടാക്കുന്ന കാജു കാതിലിയാണ് മറ്റൊരു വിഭവം. കിലോക്ക് 800 രൂപ വരെ ഇതിന് വിലയുണ്ട്. 500 ഗ്രാമിന്റെ ചെറിയ പെട്ടികളിലായും ഇത് ലഭിക്കും. ബംഗാളിൽ നിന്നെത്തിയ കോൺ ഫ്ളവറിന്റെ ഹലുവയാണ് താരം. കൂടാതെ പേരക്കയുടെയും ഓറഞ്ചിന്റെയും രൂപത്തിലും രുചിയിലും വരുന്ന ബർഫിക്കും ആവശ്യക്കാർ ഏറെയാണ്. പുതിയ തലമുറയ്ക്ക് 20 ഇനങ്ങൾ അടങ്ങിയ ബംഗാളി സ്വീറ്റ്‌സിനോടാണ് താത്‌പര്യമെന്നും കച്ചവടക്കാർ പറയുന്നു. ഇതിന് ഒരു പെട്ടിക്ക് 340 രൂപയാണ് വില.
മൈസൂർ പാക്ക്, വിവിധതരം ബർഫി (കാഷ്യു ബർഫി, ഫ്രൂട്ട് ബർഫി, കേസർ ബർഫി, വാനില ബർഫി, കാശ്മീർ ബർഫി), കാജു, പേഡ, കേസർ പേഡ, ബാദുഷ, ഗുലാബ് ജാമുൻ, ലഡു, നെയ് ലഡു, റവ ലഡു, ജിലേബി, പാലുകൊണ്ടുണ്ടാക്കിയ മധുര പലാഹാരങ്ങൾ, വിവിധ തരം കേക്ക്, ഡൈഫ്രൂട്ട്‌സ് കൊണ്ടുണ്ടാക്കുന്ന പലഹാരങ്ങൾ, കാഷ്യു, മറ്റ് ബേക്കറി ഉത്പന്നങ്ങൾ എന്നിവയും വിപണിയിൽ സുലഭമാണ്. കിലോ 180 രൂപ മുതലുള്ള മധുര പലഹാരങ്ങൾ ലഭ്യമാണ്. ബംഗാളി മിഠായികൾക്കൊപ്പം സാധാരണ മിഠായികളും ബേക്കറികളിൽ പ്രത്യേക സ്റ്റാളുകൾ തയ്യാറാക്കിയിട്ടുണ്ട്. ത്രിവേണി സൂപ്പർ മാർക്കറ്റ് ബേക്കറിയുടെ പ്രത്യേക മിഠായി സ്റ്റാൾ തുടങ്ങിയിട്ടുണ്ട്. ബംഗാളി മിഠായി പാക്കറ്റിന് അരകിലോക്ക് 340-ഉം സാധാരണ മിഠായി പാക്കറ്റിന് 200-ഉം ആണ് ഇവിടെ വില.
Comments