സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി രൂപ വായ്പയെടുക്കുന്നു
സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ അടിയന്തര ചിലവുകൾക്കായി സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി രൂപ സർക്കാർ വായ്പയെടുക്കുന്നു. മുടങ്ങിയ സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നതിന് ഉൾപ്പെടെയാണിത്.
എട്ടര ശതമാനം പലിശയ്ക്ക് ഒരു വർഷത്തേക്കാണ് വായ്പ. സർക്കാരിന് പണം ലഭ്യമാകുന്ന മുറയ്ക്ക് ഇതു തിരികെ നൽകുമെന്നാണ് വ്യവസ്ഥ. അടുത്തയാഴ്ച പണം ലഭിക്കും. വായ്പയിൽ നിന്ന് ഡിസംബറിലെ സാമൂഹിക സുരക്ഷാ പെൻഷനും സർക്കാർ സഹായത്തോടെയുള്ള ക്ഷേമനിധി ബോർഡ് പെൻഷനും നൽകും. 59 ലക്ഷം പേർക്ക് 1600 രൂപാ വീതം നൽകണം. 800 കോടി വേണ്ടിവരും. ജനുവരിയിലെ പെൻഷൻ അടുത്ത ഘട്ടമായിട്ടാകും നൽകുക.
സാമൂഹിക സുരക്ഷാ പെൻഷൻ നൽകാൻ സഹകരണ ബാങ്കുകളിൽ നിന്ന് സർക്കാർ മുമ്പും വായ്പയെടുത്തിട്ടുണ്ട്. ഇങ്ങനെ വായ്പ എടുക്കുന്നതു സർക്കാരിന്റെ പൊതുകടമായി കണക്കാക്കി വായ്പാ പരിധിയിൽ കുറവ് ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതോടെ വായ്പയെടുക്കൽ നിർത്തിവെച്ചിരുന്നു. പ്രതിസന്ധി അതിരൂക്ഷമായതിനാലാണ് വായ്പയ്ക്ക് വീണ്ടും സഹകരണ മേഖലയിലേക്ക് തിരിയുന്നത്. എടുക്കാവുന്ന വായ്പയിൽ നിന്ന് ഇതും കേന്ദ്രം കുറയ്ക്കും.
കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ചിൽ 21,000 കോടിയാണ് സംസ്ഥാനം ചെലവിട്ടതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇത്തവണ ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തേക്ക് 972 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ച വായ്പ.