കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ പദ്ധതി വരുന്നു
കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ പദ്ധതി വരുന്നു. അന്‍പത് പിന്നിട്ടവര്‍ക്കും 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവര്‍ക്കും സ്വയം വിരമിക്കാം. ഇതിനായി 7200 പേരുടെ പട്ടിക മാനേജ്മെന്റ് തയ്യാറാക്കി. ശമ്പളച്ചെലവ് പകുതിയായി കുറയ്ക്കുക ലക്ഷ്യമിട്ടാണ് നടപടി.
ഒരാള്‍ക്ക് കുറഞ്ഞത് പതിനഞ്ച് ലക്ഷം രൂപ നല്‍കാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും. വിആര്‍എസ് നടപ്പാക്കിയാല്‍ ശമ്പള ചെലവില്‍ അന്‍പത് ശതമാനം കുറയുമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍.
വിആര്‍എസ് നടപ്പാക്കാന്‍ 1080 കോടി രൂപയാണ് വേണ്ടിവരിക. ഈ സഹായത്തിനായി പദ്ധതി ധനവകുപ്പിന് കൈമാറാനാണ് തീരുമാനം. ആകെ 24,000 ത്തോളം ജീവനക്കാരാണ് കെഎസ്ആര്‍ടിസിയിലുള്ളത്. കുറെ ജീവനക്കാരെ വിആര്‍എസ് നല്കി മാറ്റി നിര്‍ത്തിയാല്‍ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട്.