ഹര്‍ത്താല്‍: വിവിധ ഇടങ്ങളില്‍ ബസുകള്‍ക്കു നേരെ കല്ലേറ്; അക്രമികള്‍ കസ്റ്റഡിയില്‍

 

തിരുവനന്തപുരം> പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം.ആലുവ , വെള്ളമുണ്ട, പാലക്കാട് , നെടുമങ്ങാട് എന്നിവിടങ്ങളില്‍ ബസ്സിനു നേരേ  കല്ലേറുണ്ടായി.

ആലുവയില്‍ രാവിലെ മൂന്നാറിന് പോയ മിന്നല്‍ സര്‍വീസിന് നേരെയാണ് കല്ലേറ് നടന്നത്. മലപ്പുറത്ത് സമരാനുകൂലികള്‍ യാത്ര തടസപ്പെടുത്തി. വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി.വയനാട് വെളളുണ്ട മംഗലശ്ശേരിയിലാണ് കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറുണ്ടായത്. കല്‍പ്പറ്റ തലശ്ശേരി ബസ്സിനാണ് അക്രമികള്‍ കല്ലെറിഞ്ഞത്.

ബസ്സിന്റെ ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. അക്രമികളെ കണ്ടെത്തിയിട്ടില്ല .അതേസമയം കെഎസ്ആര്‍ടിസി വിവിധയിടങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ട്.പുല്‍പ്പള്ളിയില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുന്‍കരുതലിന്റെ ഭാഗമായി നാല് എസ്ഡിപിഐ പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്.

പേരൂര്‍ക്കട യൂണിറ്റിലെ ആര്‍ആര്‍ഇ 999 നമ്പര്‍  ബസ്സിന്റെ  ഗ്ലാസ് എട്ടാം കല്ലില്‍വച്ച് ഹര്‍ത്താല്‍ അനുകൂലികള്‍  എറിഞ്ഞുപൊട്ടിച്ചു.സംഭവത്തില്‍ പൊലീസ് കേസെടുത്തു. പാലക്കാട് കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡിന് മുന്നില്‍ റോഡ് ഉപരോധിച്ച 25 ഓളം ഹര്‍ത്തലനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

വാളയാറില്‍ തമിഴ്നാട് ബസ്സിന്‌ നേരെ കല്ലേറുണ്ടായി. ആലപ്പുഴ-തൊടുപുഴ സര്‍വ്വീസ് പോകവെ ഹര്‍ത്താലനുകൂലികള്‍ മണ്ണഞ്ചേരിയില്‍ വച്ച് ബസ് തടഞ്ഞ് താക്കോല്‍ ഊരി കൊണ്ടുപോയി. മണ്ണഞ്ചേരി പോലീസ് സ്ഥലത്തെത്തി.

തിരുവനന്തപുരം സിറ്റിയില്‍ നിന്നും പൂന്തുറ പെരുമാതുറ ഭാഗത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. നെടുമങ്ങാടും കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി.

ഇന്ന് രാവിലെ നെടുമങ്ങാട് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന പേരൂര്‍ക്കട ഡിപ്പോയിലെ ബസിനു നേരെയാണ് അഴിക്കോട് വളവെട്ടിയില്‍ വെച്ചു കല്ലേറുണ്ടായത്. ബസിന്റെ ചില്ലുകള്‍ തകര്‍ന്നു.

Comments

COMMENTS

error: Content is protected !!