ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ ജൂൺ 14 വരെ അവസരം
പത്ത് വർഷം മുമ്പ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെ യാതൊരുവിധ പുതുക്കലും നടത്താത്തവർക്ക് ജൂൺ 14 വരെ ഓൺലൈനായി സൗജന്യമായി പുതുക്കാം. തിരിച്ചറിയൽ- മേൽവിലാസ രേഖകൾ myaadhaar.uidai.gov.in വഴി ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അപ്ഡേറ്റ് ചെയ്യാം.
മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാനാവൂ. ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകണം. ഇതുവരെ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകാതിരുന്നവർക്കും നിലവിലുള്ള ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ മാറ്റം വന്നവർക്കും അക്ഷയ ആധാർ കേന്ദ്രങ്ങൾ വഴി അപ്ഡേറ്റ് ചെയ്യാം.
നവജാത ശിശുക്കൾക്കും ആധാർ എൻറോൾ ചെയ്യണം. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റിന് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല. എൻറോളിങ്ങിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ ആധാറും മതി. കുട്ടികളുടെ ബയോമെട്രിക്സ് 5 വയസിലും 15 വയസിലും നിർബന്ധമായും പുതുക്കണം.
അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഏഴു വയസിനുള്ളിലും 15 വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ 17 വയസിനുള്ളിലും നടത്തിയാലേ സൗജന്യ പുതുക്കൽ സൗകര്യം ലഭിക്കൂ. അല്ലാത്ത പക്ഷം നിർബന്ധിത ബയോമെട്രിക് പുതുക്കലിന് 100 രൂപ ഫീസ് നൽകണം. അക്ഷയ ആധാർ കേന്ദ്രങ്ങൾ വഴിയും ഈ സേവനം 50 രൂപ നൽകി ചെയ്യാം.