സംസ്ഥാനത്തെ ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ജൂണ്‍ എട്ട് മുതല്‍ വിതരണം ചെയ്യും
സംസ്ഥാനത്തെ ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ജൂണ്‍ എട്ട് മുതല്‍ വിതരണം ചെയ്യും മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്‍ഷനാണ് ജൂണ്‍ എട്ട് മുതല്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 64 ലക്ഷം ആളുകള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. 1600 രൂപയാണ് പ്രതിമാസ പെന്‍ഷന്‍.
ഇനി രണ്ടു മാസത്തെ പെന്‍ഷന്‍കൂടി നല്‍കാനുണ്ട്. ഇതിന് മുന്‍പ് ഏപ്രിലിലാണ് കുടിശികയായി കിടന്ന മൂന്ന് മാസത്തേതില്‍ രണ്ട് മാസത്തെ പെന്‍ഷന്‍ തുക ഒരുമിച്ച് അനുവദിച്ചത്. 1871 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ഇതിന് ശേഷം രണ്ട് മാസം പെന്‍ഷന്‍ നല്‍കിയിരുന്നില്ല. എല്ലാ മാസവും ക്ഷേമപെന്‍ഷന്‍ നല്‍കാവുന്ന സ്ഥിതിയിലേക്ക് സംസ്ഥാനം എത്തിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
അതിനിടെ കടമെടുപ്പ് അനുമതി വൈകിപ്പിച്ചും ഗ്രാൻറ് വെട്ടിച്ചുരുക്കിയുമുള്ള കേന്ദ്ര കടുംപിടുത്തങ്ങൾ കാരണം സാമൂഹ്യ ക്ഷേമ പെൻഷൻ ഘടനയിൽ മാറ്റം വരുത്താനുള്ള നീക്കം സംസ്ഥാന സർക്കാര്‍ നടത്തുന്നതായുള്ള വിവരം പുറത്ത് വരുന്നുണ്ട്. ക്ഷേമ പെൻഷൻ മൂന്ന് മാസത്തിലൊരിക്കലാക്കുന്നത് അടക്കം ബദൽ നിര്‍ദ്ദേശങ്ങളാണ് ധനവകുപ്പിന്റെ സജീവ പരിഗണനയിലുള്ളത്.