പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർക്ക് തിങ്കളാഴ്ച രാവിലെ 11 മുതൽ ബുധനാഴ്ച വരെ സ്കൂളുകളിൽ പ്രവേശനം നേടാം.
അലോട്ട്മെൻറ് വിവരങ്ങൾ അഡ്മിഷൻ ഗേറ്റ്വേ ആയ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary Admission” എന്ന ലിങ്കിലൂടെ ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.
അലോട്ട്മെൻറ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്ന് ലഭിക്കുന്ന അലോട്ട്മെൻറ് ലെറ്ററുമായി അലോട്ട്മെൻറ് ലഭിച്ച സ്കൂളിൽ രക്ഷാകർത്താവിനൊപ്പം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെൻറ് ലെറ്റർ അലോട്ട്മെൻറ് ലഭിച്ച സ്കൂളിൽ നിന്ന് പ്രവേശനസമയത്ത് പ്രിൻറ് എടുത്ത് നൽകും.
ആദ്യ അലോട്ട്മെൻറിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശനസമയത്ത് അടക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുശേഷം സ്കൂളിൽ അടക്കാം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കുകയും ചെയ്യാം.
ഇതിനായി പ്രവേശനം നേടുന്ന സ്കൂളിൽ അപേക്ഷ നൽകണം. അലോട്ട്മെൻറ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല.