സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വർണം തട്ടിയെടുത്ത കേസിൽ അർജുൻ ആയങ്കി പൊലീസ് കസ്റ്റഡിയിൽ
പാലക്കാട് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസില്‍ അര്‍ജുന്‍ ആയങ്കി പിടിയില്‍. പുനെയില്‍ നിന്ന് മീനാക്ഷിപുരം പൊലീസാണ് അര്‍ജുനെ പിടികൂടിയത്. മീനാക്ഷിപുരത്ത് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലാണ് അറസ്റ്റ്.
കേസില്‍ നേരത്തെ സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എഴുപത്തി അഞ്ച് പവന്‍ സ്വര്‍ണം, ഇരുപത്തി മൂവായിരം രൂപ, മൊബൈല്‍ ഫോണ്‍ എന്നിവയാണ് വ്യാപാരിയില്‍ നിന്ന് കവര്‍ച്ചചെയ്യപ്പെട്ടത്. കവര്‍ച്ചയ്ക്ക് ശേഷം സംഘം സ്വര്‍ണം വീതം വെച്ച് വ്യത്യസ്ത വഴികളിലൂടെ രക്ഷപ്പെടുകയും ചെയ്തിരുന്നു.
നേരത്തെ ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അർജുൻ. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെയും ഇയാൾക്കെതിരെ കേസുണ്ട്. സിപിഐഎം- ലീഗ്, സിപിഐഎം- ബിജെപി സംഘർഷങ്ങളിൽ പ്രതിസ്ഥനാനത്തുണ്ടായിരുന്ന അർജുൻ ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കുകയായിരുന്നു.
പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അർജുൻ ഇതിനെ മറയാക്കി സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞു. കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അർജുനും സംഘവും ചെയ്തുവന്നത്. ഗൾഫിലും കേരളത്തിലുടനീളവും അർജുൻ ആയങ്കി നെറ്റ് വർക്ക് ഉണ്ടാക്കിയിരുന്നതായാണ് പൊലീസ് കണ്ടെത്തൽ. കരിപ്പൂരിലെ ക്വട്ടേഷൻ കേസിൽ കഴിഞ്ഞ വർഷം അർജുൻ ആയങ്കി കസ്റ്റംസിന്‍റെ പിടിയിലായതോടെയാണ് വിവരങ്ങൾ പുറത്ത് വന്നത്.