തെറ്റായ ദിശയിലൂടെ എത്തിയ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് യുവതിയും യുവാവും മരിച്ചു
കൊല്ലം: തെറ്റായ ദിശയിലൂടെ എത്തിയ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് യുവതിയും യുവാവും മരിച്ചു. ഇന്ന് പുലർച്ചെ 4.45ന് ദേശീയ പാതയിൽ കൊല്ലം ബൈപാസ് തുടങ്ങുന്ന ആൽത്തറമൂട്
ജംക്ഷനിലായിരുന്നു അപകടം. ആലപ്പുഴ ചെറുകര കാവാലം ചെട്ടിച്ചിറ സാബുവിന്റെ മകൾ സുധി (25), കോഴിക്കോട് പീക്കിലോട് നന്മണ്ട മേലേ പിലാത്തോട്ടത്തിൽ അബ്ദുൽ ജമാലിന്റെ മകൻ മുഹമ്മദ് നിഹാൽ (25) എന്നിവരെ മരിച്ചത്.
തിരുവനന്തപുരം ഭാഗത്തുനിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബൈക്കിൽ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ഇടിക്കുകയായിരുന്നു. കെഎസ്ആർടിസി ബസ് ദിശ തെറ്റിച്ചാണ് എത്തിയത്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഇവിടെ വൺവേ സംവിധാനം ഏർപ്പെടുത്തിയിരുന്നു. കൊല്ലം ജംക്ഷനിലേക്കുള്ള വാഹനങ്ങൾ കറങ്ങിത്തിരിഞ്ഞ്
പോകണമെന്നാണ് നിബന്ധന.എന്നാൽ രാത്രിയും പുലർച്ചെയും ഇത് ലംഘിച്ച് വാഹനങ്ങൾ പോകാറുണ്ട്. ഇത്തരത്തിൽ തെറ്റായി വന്ന ബസാണ് അപകടത്തിനിടയാക്കിയത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ.