വെള്ളക്കടലായി യു എൻ എയുടെ നേതൃത്വത്തിൽ നഴ്സുമാരുടെ സെക്രട്ടേറിയറ്റ് മാർച്ച്.
തലസ്ഥാന നഗരിയെ വെള്ളക്കടലാക്കി, യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ)യുടെ നേതൃത്വത്തിൽ നഴ്സുമാർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. യു എൻ.എ ദേശീയ പ്രസിഡൻ്റ് ജാസ്മിൻഷ മാർച്ച് ഉദ്ഘാടനം ചെയ്തു. തുല്യ ജോലിയ്ക്ക് തുല്യവേതനം എന്ന സുപ്രീം കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ നഴ്സുമാരുടെ പ്രതിമാസ ശമ്പളം 40000 രൂപയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. നഴ്സിംഗ് മേഖലയിൽ കഴിഞ്ഞ അഞ്ചു വർഷമായി ശമ്പള വർദ്ധനവ് നടപ്പാക്കിയിട്ടില്ല. അവശ്യ നിത്യോപയോഗ സാധനങ്ങളുടെയും വിദ്യാഭ്യാസ-ആരോഗ്യ ചിലവുകൾ ഭീമമായി വർദ്ധിച്ചിട്ടുണ്ട്. ശമ്പള വർദ്ധനവില്ലാതെ നഴ്സുമാരുൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് മുന്നോട്ട് പോകാനാവില്ല. സർക്കാർ അടിയന്തരമായി ശമ്പള പരിഷ്ക്കരണം നടത്തി, ഉത്തരവിറക്കണം .അല്ലാത്തപക്ഷം നവംബർ 16 ന് കേരളത്തിലെ ആരോഗ്യമേഖല സ്തംഭിക്കും വിധത്തിൽ ആരോഗ്യ പ്രവർത്തകർ സമ്പൂർണ്ണ പണിമുടക്ക് നടത്തും. അദ്ദേഹം കൂട്ടിച്ചേർത്തു.
തുല്യ ജോലിയ്ക്ക് തുല്യവേതനം നടപ്പിലാക്കുക,നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40000 രൂപയാക്കുക,കരാർ, ട്രെയിനി നിയമനങ്ങൾ അവസാനിപ്പിക്കുക,നഴ്സിംഗ് ഇതര ജീവനക്കാരുടെയും നഴ്സിംഗ് അദ്ധ്യാപകരുടെയും എൻ.എച്ച്.എം, എച്ച്.ഡി.എസ്, എം.എൽ.എസ്.പി, 108 ആംബുലൻസ് ജീവനക്കാരുടെയും ശമ്പളം പുതുക്കി നിശ്ചയിക്കുക,സ്റ്റാഫ് നഴ്സ് റാങ്ക് ഹോൾഡേഴ്സിന് ഉടൻ നിയമനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംഘടിപ്പിച്ച മാർച്ചിൽ അൻപതിനായിരത്തോളം നഴ്സുമാർ പങ്കെടുത്തു.
യുഎൻഎ സംസ്ഥാന പ്രസിഡൻ്റ് ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. പ്രശസ്ത നടൻ പ്രേംകുമാർ, എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) സംസ്ഥാന സെക്രട്ടറി ജയ്സൺ ജോസഫ്, യു.എൻ.എ ദേശീയ സെക്രട്ടറി സുധീപ് എം.വി,എ.ഐ.ഡി. വൈ. ഒ സംസ്ഥാന പ്രസിഡൻ്റ് ഇ.വി.പ്രകാശ് എന്നിവർ പ്രസംഗിച്ചു. ഇൻ്റർനാഷണൽ കോർഡിനേറ്റർ ജിതിൻ ലോഹി സ്വാഗതവും കർണ്ണാടക സംസ്ഥാന പ്രസിഡൻ്റ് അനിൽ പാപ്പച്ചൻ നന്ദിയും പറഞ്ഞു.
സംസ്ഥാന സെക്രട്ടറി രശ്മി പരമേശ്വരൻ, ട്രഷറർ ഇ.എസ് ദിവ്യ, ജോയിൻ്റ് സെക്രട്ടറി നിധിൻ മോൻ സണ്ണി, വൈസ് പ്രസിഡൻ്റുമാരായ ജോൺ മുക്കത്ത് ബെഹനാൻ, മിനി ബോബി,മുകേഷ്, ജോയിൻ്റ് സെക്രട്ടറി അജയ് വിശ്വംഭരൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു കൊണ്ടാണ് മാർച്ച് ആരംഭിച്ചത്.