ഹോട്ടൽ മുറിയിൽ കൊതുക് തിരിയുടെ ഉള്ളിൽ ഒളിക്യാമറ സ്ഥാപിച്ചു ദൃശ്യം പകർത്തിയ പ്രതിയെ പിടികൂടി
കോഴിക്കോട് ഹോട്ടൽ മുറിയിൽ സ്ഥാപിച്ച കൊതുകുതിരിയിൽ ഒളിക്യാമറ ഘടിപ്പിച്ച് നവദമ്പതികളുടെ ദൃശ്യം പകർത്തിയ ഹോട്ടൽ ജീവനക്കാരനായ പ്രതി പിടിയിൽ. ഹോട്ടലിൽ താമസിച്ച നവദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഒളിക്യാമറയിലൂടെ പകർത്തി പണം തട്ടാൻ ശ്രമിച്ച ചേലേമ്പ്ര മക്കാടംപള്ളി വീട്ടിൽ അബ്ദുൽമുനീറാ(35)ണ് പിടിയിലായതെന്ന് തിരൂർ പോലീസ് പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് കോഴിക്കോട്ടെ ഹോട്ടലിൽ റൂമെടുത്ത നവദമ്പതികളെ നിങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞ് പണത്തിനായി ഭീഷണിപ്പെടുത്തുകയായിരുന്നു ഹോട്ടൽ ജീവനക്കാരനായ യുവാവ്. തുടർന്ന് തിരൂർ സ്വദേശിയായ യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് തിരൂർ പോലീസ് പ്രതിയെ കോഴിക്കോട്ട് നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ്പും കൊതുകുതിരി ലിക്വിഡിന്റെ രൂപത്തിലുള്ള ക്യാമറയും പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.