പത്തനംതിട്ടയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു
പത്തനംതിട്ടയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിവെട്ടിക്കൊന്നു. പത്തനംതിട്ട പരുമലയിൽ പുളിക്കീഴ് നാക്കട സ്വദേശികളായ കൃഷ്ണൻകുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല ഡിവൈഎസ്പി അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
കൊലപാതകത്തിന് കാരണം കുടുംബവഴക്കാണെന്ന് പ്രാഥമിക നിഗമനം. ഇവരുടെ ഇളയമകനാണ് അനിൽകുമാർ. ഇവർ തമ്മിൽ വഴക്ക് പതിവാണെന്ന് നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്.
രാവിലെ 8.45-ഓടു കൂടിയാണ് ദാരുണമായ സംഭവം നടന്നത്. രണ്ടു പേരും തത്ക്ഷണം കൊല്ലപ്പെട്ടു. മാതാപിതാക്കളെ ആക്രമിച്ച ശേഷം ആയുധവുമായി സ്ഥലത്ത് അനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പിന്നീട് പുളിക്കീഴില്‍ നിന്ന് കൂടുതല്‍ പോലീസെത്തി ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതകം നടത്താനുള്ള പ്രകോപനം എന്താണെന്ന് വ്യക്തമല്ല. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അനില്‍ വീട്ടില്‍ താമസിച്ചു വന്നത്. വീടിനുള്ളില്‍ വെച്ചാണ് കൊലപാതകവുമുണ്ടായത്.
വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് പോലീസിനെ സംഭവമറിയിച്ചത്. അനില്‍ ആയുധവുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതു കൊണ്ടു തന്നെ പരിക്കേറ്റ കൃഷ്ണന്‍കുട്ടിയേയും ശാരദയേയും ആശുപത്രിയിലെത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. അതിനാല്‍ തന്നെ രക്തം വാര്‍ന്ന് ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്.