കോഴിക്കോട്ട് ഓണം കൈത്തറി മേള തുടങ്ങി
കോഴിക്കോട്: ജില്ലയിലെ മുപ്പതോളം കൈത്തറി സംഘങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുമായി ഓണം കൈത്തറി മേള തുടങ്ങി. കോർപറേഷൻ സ്റ്റേഡിയം ഗ്രൗണ്ടിൽ ആരംഭിച്ച മേള 28നു സമാപിക്കും. രാവിലെ 9 മുതൽ രാത്രി 8 വരെ നടക്കുന്ന മേളയിൽ ഉൽപന്നങ്ങൾക്ക് 20% റിബേറ്റ് ലഭിക്കും. കോട്ടൺ സാരികൾ, സെറ്റ് മുണ്ടുകൾ, ദോത്തികൾ, കൈലികൾ, കിടക്ക വിരികൾ, ടവലുകൾ, ഫർണിഷിങ്ങുകൾ, ഫ്ലോർ മാറ്റുകൾ, കരകൗശല ഉൽപന്നങ്ങൾ തുടങ്ങിയവ ലഭ്യമാണ്.
1000 രൂപയ്ക്കു മുകളിലുള്ള ഓരോ വാങ്ങലിനും ഒരു സമ്മാനക്കൂപ്പൺ ലഭിക്കും. ദിവസേന നറുക്കെടുപ്പിൽ ഒരു ഭാഗ്യശാലിക്ക് 1200 രൂപയുടെ കൈത്തറി ഉൽപന്നങ്ങൾ സമ്മാനം ലഭിക്കും. സമാപനദിവസം നടക്കുന്ന മെഗാ നറുക്കെടുപ്പിൽ 3 പേർക്ക് 5000 രൂപയുടെ കൈത്തറി വസ്ത്ര കിറ്റുകൾ സമ്മാനം ലഭിക്കും. ജില്ലയിലെ സംഘങ്ങൾക്കു പുറമേ മറ്റു ജില്ലകളിലെ പ്രമുഖ സംഘങ്ങളും ഹാൻടെക്സ്, ഹാൻവീവ്, മിൽമ, കേരള ദിനേശ്, കേരള ഹാൻഡിക്രാഫ്റ്റ്സ് എന്നിവയുടെ ഉൽപന്നങ്ങളും മേളയിൽ ലഭ്യമാണ്. സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ കൈത്തറി വികസന സമിതി എന്നിവ ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്.