കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ രാജീവന്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും
കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ രാജീവന്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും. രാജീവന്റേത് കൊലപാതകമാണെന്നാണ് നിഗമനമെങ്കിലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാജീവന്റെ ചില സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ചിലയാളുകള്‍ സ്ഥിരമായി എത്തി മദ്യപിക്കാറുണ്ടെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.വടകര ഡി.വൈ.എസ്.പി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം കണ്ടെത്തിയ ആള്‍ത്താമസമില്ലാത്ത വയല്‍ പ്രദേശം മദ്യപാനികളുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും വിഹാര കേന്ദ്രമാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ ആളുകള്‍ ആരും വന്നിരുന്നില്ലെന്നത് സംഭവത്തില്‍ ദുരൂഹതയുണര്‍ത്തുന്നു.മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
എറണാകുളം ജില്ലയിലെ വൈപ്പിൻ സ്വദേശിയായ രാജീവന് 35 വർഷത്തോളമായി കരിങ്കുളത്ത് താമസിക്കുകയാണ്. ഈ പ്രദേശത്ത് ഇയാള്‍ സാധാരണയായി വരാറുണ്ടായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു.