KERALA

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇയർ ബുക്കും വോട്ടർ പട്ടിക അവലോകന റിപ്പോർട്ടും ഗവർണർ പ്രകാശനം ചെയ്തു

തിരുവനന്തപുരം:  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന ഇയർ ബുക്കും വോട്ടർ പട്ടിക അവലോകന റിപ്പോർട്ടും രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശിപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷത്തെ കമ്മീഷന്റെ പ്രവർത്തന റിപ്പോർട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ഗവർണർക്ക് കൈമാറി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥാപകദിനാഘോഷവുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങിൽ സെക്രട്ടറി ബി. സുരേന്ദ്രൻ പിള്ളയും ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

1993 ഡിസംബർ മൂന്നിനാണ് കമ്മീഷൻ നിലവിൽ വന്നത്. കൂറുമാറ്റം തടയൽ നിയമ പ്രകാരമുള്ള 82 കേസുകൾ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ കമ്മീഷൻ തീർപ്പാക്കി. കഴിഞ്ഞ വർഷം മുതലാണ് കമ്മീഷൻ ഇയർ ബുക്ക് പ്രസിദ്ധീകരിക്കുവാൻ തുടങ്ങിയത്. പ്രധാനപ്പെട്ട 40 കോടതിവിധികൾ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉത്തരവുകൾ, അംഗങ്ങളുടെ പട്ടിക, സ്ഥിതി വിവര കണക്ക് തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ഈ വർഷത്തെ ഇയർ ബുക്ക്.

ഈ വർഷം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വോട്ടർ പട്ടികയുടെ സമഗ്ര പുതുക്കലിന്റെ വിശദാംശങ്ങളാണ് അവലോകന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഗവേഷണ വിദ്യാർത്ഥികൾ തദ്ദേശ സ്വയം ഭരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ തുടങ്ങിയവർക്ക് പ്രയോജനപ്രദമാണ് ഈ രണ്ട് പ്രസിദ്ധീകരണങ്ങളും. ഇവയുടെ പൂർണ്ണ രൂപം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. (www.sec.kerala.gov.in )

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button