കെഎസ്ആർടിസി എന്ന പേര് കർണാടക ഉപയോഗിക്കുന്നതിനെതിരെ കേരള ട്രാൻസ്പോർട്ട് കോർപറേഷൻ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി എന്ന ചുരുക്കെഴുത്തും ലോഗോയും ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കു മാത്രമായി അനുവദിക്കണമെന്നു കാണിച്ച് കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇതനുസരിച്ച്, കേരളത്തിനൊപ്പം കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും കെ എസ് ആര്‍ ടി സി എന്ന പേര് തുടര്‍ന്നും ഉപയോഗിക്കാനാവും.
ഇതോടെയാണ് കെ എസ് ആര്‍ ടി സി എന്ന ട്രേഡ് മാര്‍ക്ക് ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കു മാത്രമാണെന്ന് കേരളം ചെന്നൈയിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അപ്പലറ്റ് ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കിയത്. ബൗദ്ധിക സ്വത്തവകാശത്തര്‍ക്കങ്ങള്‍ പരിഹിക്കുന്നതിനുള്ള ട്രിബ്യൂണല്‍ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടതോടെയാണ് അതിലുള്ള ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലേക്ക് നീങ്ങിയത്.
അതേസമയം നാലു പതിറ്റാണ്ടിലേറെയായി തങ്ങള്‍ കെ എസ് ആര്‍ ടി സി എന്ന ചുരുക്കപ്പേര് ഉപയോഗിക്കുന്നുണ്ടെന്ന കാര്യം കേരളത്തിന് അറിയാമെന്നും അതില്‍ ഇതിനുമുമ്പ് എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നും കര്‍ണാടകം ചൂണ്ടിക്കാണിച്ചു. ഇരു കക്ഷികളും വര്‍ഷങ്ങളോളം ഒരേ ട്രേഡ് മാര്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ കേരളത്തിന്റെ ഹര്‍ജി അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയുടെ ബെഞ്ച് വിധിച്ചു.