ക്രിസ്തു ജനിച്ച ബെത്‌ലഹേമില്‍ ഇത്തവണ ക്രിസ്തുമസ് ആഘോഷമില്ല
ബെത്‌ലഹേമിൽ ഈ വർഷം ക്രിസ്തുമസ് ആഘോഷങ്ങളില്ല….. അടിച്ചേൽപ്പിച്ച ഒരു യുദ്ധത്തിന്റെ മറവിൽ ഗാസയിലെ ജനങ്ങൾ ഒന്നടങ്കം വംശഹത്യക്കിരയാകുമ്പോൾ ലോകത്തിന്, വിശേഷിച്ച് ബെത്ലഹേമിന്,
ക്രിസ്തുമസ് ആഘോഷിക്കുക സാദ്ധ്യമല്ല തന്നെ. കുട്ടികളെ ഇത്രയും ക്രൂരമായി കൂട്ടക്കൊല ചെയ്യുന്ന ഈ കാലത്ത് ആരുടെ ക്രിസ്തുമസാണ് നാം ആഘോഷിക്കുക? ഈ ക്രിസ്തുമസിന് പ്രധാനമായും ആഘോഷങ്ങളില്ലാത്ത പ്രാർത്ഥനകളായിരിക്കണമെന്ന് ജറുസലേമിലെ എല്ലാ സഭാ മേധാവികളും ഇതിനകം തീരുമാനിച്ചിട്ടുണ്ട്.
പാലസ്തീൻകാർക്ക് ഈ ക്രിസ്തുമസിന്റെ അർത്ഥമെന്താണ്? ലോകത്തിന് എന്ത് സന്ദേശമാണ് അത് നൽകാൻ ആഗ്രഹിക്കുന്നത്? ഗാസയിൽ തകർന്ന് കിടക്കുന്ന വീടുകൾക്ക് സമാനമായ അവശിഷ്ടങ്ങൾക്കിടയിൽ ഒരു പുൽത്തൊട്ടിയെന്ന ആശയം അവർ കൊണ്ടുവരുന്നു, കുട്ടിയായിരുന്ന യേശു അവശിഷ്ടങ്ങൾക്കിടയിൽ ആയിരുന്നു എന്നോർക്കണം.
കുട്ടികളെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുന്ന നിരവധി ചിത്രങ്ങൾ
നമ്മൾ നിത്യേന കാണുന്നു. ഇത് യേശുവിനെ തിരിച്ചറിയുന്ന ഒരു സന്ദേശമാണ്. അടിച്ചമർത്തപ്പെട്ടവരോട് എന്നും യേശു ഐക്യദാർഢ്യത്തിലാണ്. ദുരിതമനുഭവിക്കുന്നവരോട് യേശു എന്നും ചേർന്ന് നിൽക്കുന്നു.
അതിനാൽ തകർന്ന വീടുകൾക്കിടയിലെ പുൽക്കുടിൽ ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ഒരു സന്ദേശമാണ്.
ബെത്‌ലഹേമിൽ ക്രിസ്തുമസാണ് ഇങ്ങനെയാണ് കാണപ്പെടുന്നത്. ഇത് ലോകത്തിനുള്ള ഒരു സന്ദേശം കൂടിയാണ്. പലസ്തീനിൽ, അധിനിവേശം സൃഷ്ടിച്ച നാശക്കൂമ്പാരങ്ങൾക്കിടയിൽ, മഴ പോലെ വർഷിക്കുന്ന ബോംബുകൾക്കിടയിൽ, കുട്ടികളുടെ നിലക്കാത്ത വിലാപങ്ങൾക്കിടയിൽ, ക്രിസ്തുമസ്
ഇങ്ങനെ തന്നെയാണ് ആഘോഷിക്കപ്പെടുക. ലോകം ആഘോഷിക്കുമ്പോൾ നമ്മുടെ കുട്ടികൾ അവശിഷ്ടങ്ങൾക്കടിയിലാണ്, ലോകം ആഘോഷിക്കുമ്പോൾ നമ്മുടെ തന്നെ കുടുംബങ്ങൾ കുടിയിറക്കപ്പെടുന്നു, അവരുടെ വീടുകൾ നശിപ്പിക്കപ്പെടുന്നു. അതുകൊണ്ട് പാലസ്തീനിൽ ഇത്തവണഇതാണ് ക്രിസ്തുമസ്.