മോഷണം പോയ പഴ്സ് 2000 രൂപ മാത്രം എടുത്ത് കുറിപ്പോടെ ഉടമക്ക് തിരിച്ചുകിട്ടി
കോഴിക്കോട് : മോഷണം പോയ പഴ്സ് ഉടമയ്ക്ക് തിരിച്ചുകിട്ടി. മാവൂര്‍ സ്വദേശിയായ അതുല്‍ദേവിനാണ് കള്ളന്റെ നല്ല മനസ് കാരണം പണമൊഴികെ പഴ്സ് തിരികെ കിട്ടിയത്. രണ്ടായിരം രൂപയ്ക്ക് പുറമെ എടിഎം കാര്‍ഡടക്കമുള്ള രേഖകള്‍ നഷ്ടപ്പെടുമ്പോൾ അതുൽദേവിന്റെ പഴ്സിലുണ്ടായിരുന്നു. എന്നാൽ ഇതിൽ നിന്നും 2000 രൂപ മാത്രം എടുത്ത് കള്ളൻ പഴ്സ് തിരികെ നൽകിയത്.
ക്ഷേത്രത്തിൽ നിന്നും പൂജ കഴിഞ്ഞു മടങ്ങുമ്പോഴാണ് അതുല്‍ദേവിന്റെ പഴ്സ് നഷ്ടപ്പെട്ടത്. വന്നവഴിയെല്ലാം തിരഞ്ഞുവെങ്കിലും കണ്ടുകിട്ടിയില്ല. ഇതോടെ പഴ്സ് നഷ്ടപ്പെട്ടെന്നും കണ്ടുകിട്ടുന്നവര്‍ തിരികെ നല്‍കണമെന്നും ഇയാൾ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിടുകയും പൊലീസ് സ്റ്റേഷനില്‍ പരാതി നൽകുകയും ചെയ്തു. പിന്നീടാണ് നഷ്ടപ്പെട്ട സ്ഥലത്തിന് സമീപത്ത് നിന്നും നാട്ടുകാരിലൊരാള്‍ക്ക് പഴ്സ് ലഭിച്ചത്. ഇതിനൊപ്പം ഒരു കുറിപ്പും കള്ളൻ വെച്ചിരുന്നു.
‘ഇന്നത്തെ നഷ്ടം.. നാളത്തെ ലാഭം. ഇത് ഞാന്‍ എടുക്കുന്നു. ദൈവമുണ്ടെന്ന് എനിക്ക് മനസിലായി.എന്നോട് ക്ഷമിക്കണം. ഈ കടം ഞാന്‍ എന്നെങ്കിലും തീര്‍ക്കും. അതെന്റ വാക്ക് …ചതിക്കില്ല ..ഉറപ്പ്.. ഈശ്വരന് നിങ്ങളെ രക്ഷിക്കും’, എന്നാണ് ആ കുറിപ്പിൽ എഴുതിയിരുന്നത്.