KOYILANDILOCAL NEWSNEWS

നന്തിയിലെ തോണി അപകടം: കാണാതായ റസാഖിന്റെ മൃതദേഹം കണ്ടെത്തി.

നന്തി: ഇന്നലെ രാത്രി (തിങ്കള്‍) കടലില്‍ വീണ മത്സ്യ തൊഴിലാളിയായ റസാഖിന്റെ മൃതദേഹം കണ്ടെത്തി. അപകടമുണ്ടായ പ്രദേശത്തെ പാറയിടുക്കില്‍ നിന്ന് വൈകീട്ട് 6.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചിലിലേര്‍പ്പെട്ടിരുന്ന മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് സംഘം മൃതദേഹം കരക്കെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇവര്‍ കടലില്‍ പോയ ഫൈബര്‍ വള്ളം ഉച്ചയോടെ കരയ്ക്കടിഞ്ഞിരുന്നു.

തിങ്കളാഴ്ച സന്ധ്യക്ക് ഏഴുമണിയോടെയാണ് നന്തി കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്. ശക്തമായ ഇടിമിന്നലില്‍ പീടിക വളപ്പില്‍ റസാഖ് വള്ളത്തില്‍ നിന്നും തെറിച്ചുപോകുകയായിരുന്നു. ഇയാളെ രക്ഷിക്കാന്‍ കടലില്‍ ചാടിയ തട്ടാന്‍ കണ്ടി അഷറഫിന് റസാഖിനെ കണ്ടെത്താനായില്ല. ഇദ്ദേഹം വലയില്‍ പിടിച്ച് മുങ്ങിപ്പോകാതെ നിലയുറപ്പിച്ചത് കൊണ്ട് മറ്റു വഞ്ചികളിലെത്തിയ തൊഴിലാളികള്‍ക്ക് അഷറഫിനെ രക്ഷപ്പെടുത്തി കരയിലെത്തിക്കാന്‍ സാധിച്ചു. വള്ളം ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു.

തിങ്കളാഴ്ച അപകടം നടന്ന ഉടനെ തന്നെ വിവരം അധികൃതരെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന പരാതിയുമായി മത്സ്യത്തൊഴിലാളികള്‍ രാവിലെ രംഗത്തുവന്നതിനെത്തുടര്‍ന്നാണ് അധികൃര്‍ ഉണര്‍ന്നത്. രക്ഷാ സംവിധാനങ്ങളുടെ അനാസ്ഥയ്‌ക്കെതിരെ നന്തിയില്‍ നാട്ടുകാരും പിഡിപി പ്രവര്‍ത്തകരും ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റസാഖിനുവേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയത്.

കുറുവങ്ങാട്ടെ കുഴിത്തളത്തില്‍ റാബിയയാണ് റസാഖിന്റെ ഭാര്യ. മുഹമ്മദ് മുക്താര്‍, മുഹമ്മദ് ഷാഫി, ഉമേയര്‍, റുഷൈദ് എന്നിങ്ങനെ നാല് ആണ്‍ മക്കളാണ് റസാഖിന്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button