കൈവെട്ട് കേസിലെ മുഖ്യപ്രതി സവാദിനെ കുറിച്ച് ഭാര്യാപിതാവിന് ഒന്നും അറിയില്ലെന്ന വാദം വിശ്വസിക്കാതെ അന്വേഷണസംഘം
കൊച്ചി: അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി സവാദിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണ സംഘം. ബന്ധുക്കള്‍ എതിര്‍ത്തിട്ടും പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു സവാദുമായുള്ള വിവാഹമെന്ന് ഭാര്യ ഖദീജ മൊഴി നല്‍കി. വിവാഹവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തേണ്ടതില്ലെന്ന് പിതാവ് പറഞ്ഞുവെന്നും സവാദിന്റെ ഭാര്യ വെളിപ്പെടുത്തി. പിതാവ് അബ്ദുല്‍ റഹ്‌മാന് സവാദിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാമായിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
കര്‍ണാടക ഉള്ളാളിലെ ദര്‍ഗയില്‍ വച്ചാണ് സവാദിനെ ആദ്യമായി പരിചയപ്പെട്ടതെന്നും മകളെ വിവാഹം ചെയ്തു നല്‍കിയത് അധികം അന്വേഷിക്കാതെ ആയിരുന്നുവെന്നും പിതാവ് അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞിരുന്നു. ഭര്‍ത്താവ് കൈവെട്ടു കേസിലെ പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് നേരത്തെ സവാദിന്റെ ഭാര്യ ഖദീജ പറഞ്ഞിരുന്നു. സവാദ് എന്ന പേര് അറിയില്ലായിരുന്നുവെന്നും ഷാജഹാന്‍ എന്ന പേരിലാണ് തനിക്ക് അറിയാവുന്നത്. വിവരങ്ങള്‍ പുറത്തായതോടെയാണ് താനും അറിയുന്നതെന്നും ഖദീജ വ്യക്തമാക്കി.
സവാദിനെ കുടുക്കിയത് പോപ്പുലർ ഫ്രണ്ട് നിരോധനമാണ്. സംഘടന നിരോധിച്ചതിന് പിന്നാലെ ജയിലിലായവരിൽ നിന്നും സവാദിനെ കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞു. കേരളത്തിൽ തന്നെയുണ്ടെന്ന് അറിഞ്ഞതോടെ അന്വേഷണം ആ വഴിക്കായി. ഇയാൾ ഇടക്കാലത്ത് വിദേശത്തേക്ക് കടന്നെന്ന് പ്രചാരമുണ്ടായിരുന്നുവെങ്കിലും തിരുത്താൻ എൻഐഎ ശ്രമിച്ചില്ല. അന്വേഷണത്തിന്റെ ഭാഗമായിരുന്നു ഈ നിശബ്ദത.