സംസ്ഥാനത്തെ ആദ്യത്തെ ലിഫ്റ്റ് പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യത്തെ ലിഫ്റ്റ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. തിരുവനന്തപുരത്തെ കരിക്കകത്ത് കോവളം – ബേക്കൽ ജലപാതയിൽ പാർവതി പുത്തനാറിന് കുറുകെയാണ് ലിഫ്റ്റ് പാലം ഒരുങ്ങിയത്. കഴക്കൂട്ടം – കാരോട് ദേശീയപാതയിലെ സർവീസ് റോഡിൽനിന്ന് കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലേക്കാണ് പാലം നിർമിച്ചിരിക്കുന്നത്.
18.5 കിലോമീറ്റർ ദൈർഘ്യം വരുന്ന കോവളം – ബേക്കൽ ജലപാതയിൽ സ്ഥാപിക്കുന്ന മൂന്നു ലിഫ്റ്റ് പാലങ്ങളിൽ ആദ്യത്തേതാണ് കരിക്കകത്ത് നിർമാണം പൂർത്തിയായത്. ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ചു റോഡ് നിരപ്പിൽനിന്ന് അഞ്ച് മീറ്റർ വരെ ഉയർത്താനാകുമെന്നതാണ് ലിഫ്റ്റ് പാലത്തിൻ്റെ പ്രത്യേകത.
ഇവിടം ജലപാതയായതിനാലാണ് ലിഫ്റ്റ് പാലം നിർമിച്ചത്. ജലപാത പൂർത്തിയാകുമ്പോൾ ജലവാഹനങ്ങൾക്ക് തടസം ഉണ്ടാകാതിരിക്കാനാണ് ലിഫ്റ്റ് പാലം രൂപകൽപന ചെയ്തതും നിർമിച്ചതും. മൂന്നര കോടി രൂപ ചെലവഴിച്ചാണ് ലിഫ്റ്റ് പാലത്തിൻ്റെ നിർമാണം നടത്തിയത്. വാഹനങ്ങൾക്ക് കടന്നുപോകാനാകുന്ന ലിഫ്റ്റ് പാലം സ്റ്റിൽ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.