ജില്ലാതല റിപ്പബ്ലിക് ദിന പരേഡ് കോഴിക്കോട് ബീച്ചില്‍ നടത്തും
ഈ വര്‍ഷത്തെ ജില്ലാതല റിപ്പബ്ലിക് ദിന പരേഡ് ജനുവരി 26 ന് കോഴിക്കോട് ബീച്ചില്‍ നടത്തും. സാധാരണ വെസ്റ്റ്ഹില്‍ പരേഡ് ഗ്രൗണ്ടില്‍ നടത്താറുള്ള ആഘോഷ പരിപാടി കൂടുതല്‍ വര്‍ണാഭവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായാണ് ബീച്ച് റോഡില്‍ നടത്താന്‍ തീരുമാനിച്ചത്.
പൊലീസ്, ട്രാഫിക് പൊലീസ്, എക്‌സൈസ്, ഫയര്‍ ഫോഴ്‌സ്, ഫോറസ്റ്റ്, എസ്.പി.സി, എന്‍.സി.സി, എന്‍.എസ്.എസ്, സ്‌കൗട്ട്‌സ്, ഗൈഡ്, റെഡ് ക്രോസ് തുടങ്ങിയവയുടെ പ്ലാറ്റൂണുകള്‍ക്ക് പുറമെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നിശ്ചല ദൃശ്യങ്ങളും പരേഡില്‍ അണിനിരക്കും. ആരോഗ്യം, വിദ്യാഭ്യാസം, എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ ഫോഴ്‌സ്, ഹരിത കേരളം, ശുചിത്വ മിഷന്‍, കേന്ദ്രീയ വിദ്യാലയം-1 തുടങ്ങിയ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്ലോട്ടുകള്‍ ഉണ്ടാവും. പൊലീസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് സുരക്ഷയൊരുക്കും.
പൊതുജനങ്ങള്‍ക്ക് പരേഡ് വീക്ഷിക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കാനും ഇതിന്റെ ഭാഗമായി ബീച്ച് പരിസരം സൗന്ദര്യവത്ക്കരിക്കാനും ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. എ.ഡി.എം റോഷ്‌നി നാരായണന്‍, സബ് കലക്ടര്‍ പ്രിയങ്ക, ജില്ലാ പൊലീസ് മേധാവി (സിറ്റി) എ.വി ജോര്‍ജ്ജ്, ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.