SPECIAL

ഇതാ മൺപാത്രങ്ങളുടെ തെരുവ്‌

ജീവിതം പുലർത്താൻ ചുട്ടുപൊള്ളുന്ന വെയിലിൽ മൺപാത്രങ്ങളുമായി റോഡരികിൽ കഴിയുകയാണ് ദേശീയപാതയിൽ വെസ്റ്റ്ഹിൽ ചുങ്കത്തിനടുത്ത് ഒരുകൂട്ടം മനുഷ്യർ. പാലക്കാട് തിരുവില്വാമലക്കടുത്ത് പെരിങ്ങോട്ട് കുറിശ്ശി പഞ്ചായത്തിലെ പത്തോളം കുടുംബങ്ങളാണ്‌ കഴിഞ്ഞ 30 വർഷമായി മൺമാത്രങ്ങളുടെ വിൽപ്പനയുമായി ഇവിടെ കഴിയുന്നത്‌.
കളിമൺപാത്രങ്ങളിൽ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ സ്വാദ്‌ തിരിച്ചറിഞ്ഞവർ  തേടിയെത്തുമ്പോഴും തങ്ങളുടെ ജീവിതം ഇന്നും കയ്‌പേറിയതുതന്നെയെന്ന്‌ ഇവർ പറയുന്നു. ഗ്രാമത്തിൽ കുടിൽവ്യവസായമായി നിർമിക്കുന്ന ഉൽപ്പന്നങ്ങൾ വാഹനങ്ങളിൽ ഇവിടെയെത്തിച്ചാണ്‌ വിൽപ്പന. വീടും കുടുംബവും വിട്ട് രാപകൽ റോഡരികിൽ തന്നെയാണ്‌ താമസവും.
പ്രകാശനും ആയിഷയും അമ്മുവും മകൻ കൃഷ്ണൻകുട്ടിയും മണികണ്ഠനും സരോജിനിയും ലക്ഷ്മിയുമെല്ലാം ഇവിടെ ജീവിതം തുടങ്ങിയിട്ട്‌ വർഷങ്ങൾ പിന്നിടുന്നു. കുടുംബത്തിൽനിന്ന്‌ അകന്ന്‌ ജീവിക്കുമ്പോഴും നാട്ടുകാരുടെയും കോർപറേഷൻ അധികൃതരുടെയും പൊലീസിന്റെയും നല്ല മനസ്സ്‌ എന്നും താങ്ങും തണലുമാണെന്ന്‌ ഇവർ പറയുന്നു. വിവിധതരം കറിച്ചട്ടികൾ, പൂച്ചട്ടികൾ, കൂജകൾ, ഫിൽട്ടർ കൂജകൾ, നോൺ സ്റ്റിക്ക് തവ, വീടുകളിൽ തൂക്കിയിടുന്ന മണികൾ കോർത്ത അലങ്കാര മാല, തൈര് പാത്രങ്ങൾ, വിഗ്രഹങ്ങൾ, ഫ്ലവർപോട്ട് തുടങ്ങി നിരവധി  ഇനങ്ങളാണ് ഇവിടെയുള്ളത്.
ഒരുകാലത്ത് കുലത്തൊഴിലായിരുന്ന മൺപാത്ര നിർമാണം ഇന്ന് വൻ പ്രതിസന്ധിയെ നേരിടുകയാണ്. കളിമണ്ണിന്റെ ലഭ്യതയാണ് പ്രധാന പ്രശ്‌നം. കുഴിച്ചെടുക്കാൻ ജിയോളജി വകുപ്പിന്റെ അനുമതിവേണം. ചൂളയിൽ ഉപയോഗിക്കുന്ന പുളിമരത്തിന്റെ വിറക്‌ കിട്ടാനും ബുദ്ധിമുട്ടാണ്‌.
ഇതെല്ലാം മറികടന്നാലും വിദഗ്‌ധ തൊഴിലാളികളെ കിട്ടാനില്ല. പുതിയ തലമുറക്ക്‌ കുടിൽ വ്യവസായത്തിൽ താൽപ്പര്യവുമില്ല. വൈദ്യുതി ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന വീലുകളും ചൂളകളും  ഇപ്പോഴുണ്ടെങ്കിലും തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്‌.
 കൂജയിലെ വെള്ളത്തിന്റെയും മൺകലത്തിൽ പാകംചെയ്യുന്ന ഭക്ഷണത്തിന്റെയും രുചി  തിരിച്ചറിഞ്ഞവർ എത്തുന്നതാണ്‌ ഏക ആശ്വാസമെന്ന്‌ ഇവർ പറയുന്നു.
രാത്രികാലങ്ങളിൽ മൂടിവച്ചില്ലെങ്കിൽ സാമൂഹ്യവിരുദ്ധർ കലം പൊട്ടിക്കുമോയെന്ന ഭയം ഉള്ളതിനാൽ ചിലർ രാത്രിയും കണ്ണിമ ചിമ്മാതെ കാവലിരിക്കും. എന്നാൽ പുതിയ ചില കച്ചവടക്കാരും ഇപ്പോഴെത്തിയതോടെ കലം വിൽപ്പനയുടെ കേന്ദ്രമായി ചുങ്കം മാറിയിട്ടുണ്ട്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button