പിഷാരികാവിലെ കോമത്ത് പോക്ക് (ഫോട്ടോ ഫീച്ചർ)

സ്വർണ്ണ, രത്ന, പട്ടു വ്യാപാരത്തിലൂടെ രാജാവിനേക്കാൾ സമ്പന്നരായി മാറിയ വ്യാപാരികളായ എട്ട് നായർ കുടുബങ്ങളോട് നാടുവിട്ടു പോകാൻ താരുവിതാംകൂർ മഹാരാജാവ് കൽപ്പനയായി. ധാരാളം രത്നങ്ങളും ജീവിത സമ്പാദ്യങ്ങളുമൊക്കെയായി അവർ തെക്കൻ കൊല്ലം വിടാൻ തീരുമാനിച്ചു. യാത്ര പുറപ്പെടുമ്പോൾ അവർ ഒരു കാര്യം മറന്നില്ല. തങ്ങളുടെ എല്ലാ ഐശ്വര്യങ്ങൾക്കും കാരണഭൂതയായ ഭഗവതിയുടെ നാന്തകം (വാൾ) അവർ ഭക്ത്യാദരപൂർവ്വം കയ്യേറ്റ് കൂടെ കൊണ്ടുവന്നു. തുടർന്ന് അവർ കടൽമാർഗ്ഗം വടക്കോട്ട് സഞ്ചരിച്ചു. യാത്രക്കിടയിൽ കടുവയും പശുവും ഒരുമിച്ച് മേയുന്ന തീരം കണ്ടപ്പോൾ അവർ അതിശയപ്പെട്ടു. ഇത് ഭൂമിയിൽ ശാന്തിയും സമാധാനവും ഐശ്വര്യവും കളിയാടുന്ന മനോഹരമായ ഇടമാണെന്നവർ ഉറപ്പിച്ചു. പായകപ്പൽ തീരമടുപ്പിച്ച് അവർ കരയിലിറങ്ങി. കടലും കാടും കുന്നുമൊക്കെ ഇടകലർന്ന മനോഹരമായ ഭൂപ്രകൃതിയും സുഖശീതളമായ കാലാവസ്ഥയും അവരെ വല്ലാതെ ആകർഷിച്ചു. ഇനിയുള്ള കാലം ഇവിടെ സ്വസ്ഥമായി കുടിപാർക്കാം എന്നവർ നിശ്ചയിച്ചു. അപ്പോഴാണ് ഈ ദേശത്തിന്റെ അരചൻ ആരാണെന്നവർ അന്വേഷിച്ചത്. കുറുമ്പ്രനാട്ട് രാജാവിന്റെ അധീനതയിലുള്ള പന്തലായനിയിലാണ് തങ്ങൾ എത്തിയതെന്ന് മനസ്സിലായി. രാജാവിന്റെ കീഴിലുള്ള കോമത്തോർ എന്ന നാടുവാഴിയാണ് ഈ നല്ല മണ്ണിന്റെ ജന്മി എന്നും മനസ്സിലാക്കി. അങ്ങിനെയവർ നാടുവാഴിയെ മുഖം കാണിക്കാൻ പട്ടും രത്നങ്ങളുമൊക്കെയായി കോമത്ത് തറവാട്ടിലെത്തി. കാണിക്കവെച്ച ശേഷം തങ്ങളുടെ കഥ വിസ്തരിച്ച് പറഞ്ഞ് കേൾപ്പിച്ചു. കോമത്തോർ അവരുടെ വരവിൽ പ്രസന്നനായി. തങ്ങൾ എട്ടു കുടുംബക്കാരുണ്ടെന്നും തങ്ങൾക്ക് കൂടിപാർക്കാനും തങ്ങളുടെ എല്ലാ ഐശ്വര്യങ്ങൾക്കും കാരണഭൂതയായ ഭഗവതിയുടെ നാന്തകം പ്രതിഷ്ഠിച്ച് നിത്യ പൂജ നടത്താനും സ്ഥലം നൽകണമെന്ന് അപേക്ഷിച്ചു.  അന്നവിടെ പുകഴ്പെറ്റ ഒരു ശിവക്ഷേത്രമുണ്ടായിരുന്നു. അതിനരികിൽ ഭഗവതിക്കാവിനുള്ള സ്ഥലം പ്രശ്നവശാൽ കണ്ടെത്തി. കാവിനരികിലായി എട്ടു കുടുംബങ്ങൾക്കുമുള്ള വീടുപണിയാനും കോമത്തോർ ഭൂമി അളന്നു നൽകി. അവിടെ ശ്രീകോവിലും മറ്റും പണിതീരുന്നതുവരെ കോമത്തോരുടെ തറവാടായ എട്ടുവീട്ടിലെ പടിഞ്ഞാറ്റയിൽ നാന്തകം സ്ഥാപിച്ച് അവിടെയായിരുന്നു പൂജാദി കർമ്മങ്ങൾ ചെയ്തിരുന്നത് എന്നൊരു കഥ പ്രചാരത്തിലുണ്ട്. എന്നാൽ അത് ശരിയല്ലെന്നും തങ്ങളുടെ എല്ലാ ഐശ്വര്യങ്ങൾക്കും കാരണഭൂതയായ ഭഗവതിയെ തങ്ങളോടൊപ്പം താൽക്കാലിക കുടിപാർപ്പിൽ പൂജകളും കർമ്മങ്ങളും വിഘ്നം വരുത്താതെ നടത്തിയശേഷം ശ്രീകോവിൽ പണിത് പ്രതിഷ്ഠ നടത്തുകയായിരുന്നു എന്നും ഐതീഹ്യങ്ങളിൽ കാണുന്നു.

ക്ഷേത്ര പരിസരത്തായി കീഴയിൽ, വാഴയിൽ എരോത്ത്, ഇളയെടുത്ത്, ഈച്ചരാട്ടിൽ, പുനത്തിൽ, നാണോത്ത്, മുണ്ടക്കൽ എന്നി എട്ടു തറവാടുകൾ, തെക്കൻ കൊല്ലത്തിന് പകരം വടക്കൻ കൊല്ലം സ്ഥാപിച്ച് താമസിച്ചവരുടേതാണെന്ന് പറയുന്നു. ഈ തറവാട്ടുകാരാണ് പിഷാരികാവ് ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റിമാർ.  അന്ന് തങ്ങൾക്ക് കുടിപാർക്കാൻ ഇടം നൽകിയതിന് നന്ദി പറയുന്നതിനും നാട് വാഴിയെ ഉത്സവത്തിന് ക്ഷണിക്കുന്നതിനുമാണ് കോമത്ത് പോക്ക് എന്നൊരു ചടങ്ങുണ്ടായത്. പണ്ട് ഇന്നത്തെ നിലയിൽ ആർഭാടമായ നിലയിൽ എട്ടു ദിവസത്തെ ഉത്സവങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചെറിയ വിളക്ക്, വലിയ വിളക്ക്, കാളിയാട്ടം എന്നിങ്ങനെ മൂന്ന് ദിവസത്തെ ഉത്സവാഘോഷമേ ഉണ്ടായിരുന്നുള്ളൂ. ചെറിയ വിളക്ക് ദിവസം കാലത്തെ ശീവേലി കഴിഞ്ഞ ശേഷമാണ് കോമത്ത് പോകുക. ക്ഷേത്രത്തിലെ തലമൂത്ത കോമരം പള്ളിവാളുമായി ആർഭാടങ്ങളൊന്നുമില്ലാതെ കോമത്ത് തറവാട്ടിലേക്ക് പോകും. മറ്റ് കോമരങ്ങളും അകമ്പടി പോകും. അതിന് മുമ്പ് കിഴക്കേ നടയിലെ ആലിൻചുവട്ടിൽ വണ്ണാന്റെ വരവെത്തും. വണ്ണാൻ ആചാരപ്രകാരം കിഴക്കേനടയിലൂടെ കോമരത്തെ സ്വീകരിച്ച് ആലിൻചുവട്ടിലെത്തിക്കും. അവിടെ വെച്ച് കോമരം ഊരാളന്മാരോടും ദേശവാസികളോടുമായി ഭഗവതിയുടെ കല്പന അരുളി ചെയ്യും. തുടർന്നാണ് കോമത്തേക്ക് പോകുക. കോമത്തുകാർ കോമരത്തെ ഇളനീർ കൊടുത്ത് സ്വീകരിക്കും. കാളിയാട്ടത്തിന് ക്ഷണിച്ച് തിരികെപ്പോകുന്ന കോമരത്തിന് കോമത്തുകാർ ദക്ഷിണ നൽകും. കോമരം കോമത്തേക്ക് പോയ ശേഷം കിഴക്കേ നടപ്പന്തലിലും വടക്കേ നടപ്പന്തലിലും മേലാപ്പ് കെട്ടിയുയർത്തും. അതോടെ ഉത്സവത്തിന് സമാരംഭം കുറിച്ചതായി കണക്കാക്കും. തുടർന്ന് വണ്ണാൻമാർ ഉത്സവം ചെണ്ട കൊട്ടിയറിയിക്കാൻ ഊരു ചുറ്റും. ക്ഷണം സ്വീകരിച്ച് ഉത്സവം കാണാനെത്തുന്ന കോമത്തോർക്കും കുടുംബത്തിനും ഉത്സവത്തിന് ആസനസ്ഥരാകാൻ അമ്പലമുറ്റത്ത് കാരണോത്തറയുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പിഷാരികാവിലെ മൂത്ത കോമരം കുട്ടത്ത്കുന്ന് രാഘവൻ നായരാണ് കോമത്ത് പോക്കിന് സ്ഥാനീയനായിരുന്നത്. ഇത്തവണ അനാരോഗ്യം കാരണം അദ്ദേഹം ഒഴിഞ്ഞു. പകരം അമ്മോശൻവീട്ടിൽ ബാലൻ നായരായിരിക്കും കോമത്ത് പോക്കിന്റെ ഇത്തവണത്തെ സ്ഥാനീയ പദവി അലങ്കരിക്കുക.

 

 

ചിത്രങ്ങൾ: ഗിരീഷ് ജോണി

ചിത്രങ്ങൾ: ഗിരീഷ് ജോണി

ചിത്രങ്ങൾ: ഗിരീഷ് ജോണി

ചിത്രങ്ങൾ: ഗിരീഷ് ജോണി

ചിത്രങ്ങൾ: ഗിരീഷ് ജോണി

ചിത്രങ്ങൾ: ഗിരീഷ് ജോണി

ചിത്രങ്ങൾ: ഗിരീഷ് ജോണി

ചിത്രങ്ങൾ: ഗിരീഷ് ജോണി

ചിത്രങ്ങൾ: ഗിരീഷ് ജോണി

ചിത്രങ്ങൾ: ഗിരീഷ് ജോണി

ചിത്രങ്ങൾ: ഗിരീഷ് ജോണി

ചിത്രങ്ങൾ: ഗിരീഷ് ജോണി

ചിത്രങ്ങൾ: ഗിരീഷ് ജോണി

കൊയിലാണ്ടിയിൽ ഫോട്ടോഗ്രാഫി എത്തിച്ച എംപീസ് കുടുംബത്തിലെ ഇളം തലമുറക്കാരനാണ് ഗിരീഷ് ജോണി. 1995 മുതൽ തുടർച്ചായി പിഷാരികാവിലെ ക്ഷേത്രാചാരങ്ങളും ഉത്സവക്കാഴ്ച്ചകളും ജോണി തൻ്റെ ക്യാമറയിൽ പകർത്തുന്നു. ‘പിഷാരികാവിലെ കോമത്ത് പോക്കി’ന് പിന്നാലെ മറ്റ് ഉത്സവ കാഴ്ചകളും തുടർ ദിവസങ്ങളിൽ കാണാം.

ജോണി എംപീസ് (ഗിരീഷ് ജോണി)
കലിക്കറ്റ് പോസ്റ്റ്
കൾചറൽ ഡെസ്ക്

 

 

 

 

 

Comments

COMMENTS

error: Content is protected !!