KERALA

ലൈഫ്‌ മിഷൻ പദ്ധതിയിൽ ഉൾപ്പെടാത്തവർക്കായി പുതിയ പദ്ധതി: മുഖ്യമന്ത്രി

കണ്ണൂർ > മാനദണ്ഡങ്ങളുടെ പേരിൽ ലൈഫ്‌ മിഷൻ പദ്ധതിയിൽ ഉൾപ്പെടാതെപോയ ഭവനരഹിതർക്കായി അനുബന്ധ പട്ടിക തയ്യാറാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരക്കാർക്ക്‌ ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. ലൈഫ്‌ മിഷൻ പദ്ധതി പൂർത്തിയാകുന്ന മുറയ്‌ക്ക്‌ ഇതിലുൾപ്പെടാത്ത മറ്റുള്ളവരുടെ പ്രശ്‌നവും പരിഹരിക്കും–-  ലൈഫ്‌ മിഷൻ പദ്ധതിയിൽ വീടുകൾ പൂർത്തിയായ ഗുണഭോക്താക്കളുടെ ജില്ലാതലസംഗമം കണ്ണൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മൂന്നുതരം ഗുണഭോക്താക്കളാണ്‌ ലൈഫ്‌ പദ്ധതിയിൽ. നേരത്തേയുള്ള പദ്ധതികളിൽ സഹായം ലഭിച്ച്‌, പല കാരണങ്ങളാൽ നിർമാണം ഇടയ്‌ക്കുവച്ചു നിന്നുപോയവർക്കാണ്‌ ആദ്യ പരിഗണന.  54,183 പേരാണ്‌ ഈ ഗണത്തിൽ വരുന്നത്‌. ഇതിൽ 96 ശതമാനം വീടുകളും ഇതിനകം പൂർത്തിയായി.

 

സ്ഥലമുണ്ടെങ്കിലും വിടില്ലാത്തവരെയാണ്‌ രണ്ടാം ഘട്ടത്തിൽ പരിഗണിച്ചത്‌. 91,147 ഗുണഭോക്താക്കളിൽ 60,524 പേരുടെ വീടുകൾ (66.3 ശതമാനം) പൂർത്തിയായി.
സ്ഥലവും വീടുമില്ലാത്തവർക്കായാണ്‌ മൂന്നാംഘട്ടം.  ഒരു ലക്ഷത്തിലേറെ ഗുണഭോക്താക്കളെയാണ്‌ തെരഞ്ഞെടുത്തിട്ടുള്ളത്‌. പ്രീ ഫാബ്രിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ വേഗത്തിൽ നിർമാണം പൂർത്തിയാക്കാനാണുദ്ദേശിക്കുന്നത്‌.  ഇതിനായി സ്ഥലങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. പത്തു ഫ്‌ളാറ്റ്‌ സമുച്ചയങ്ങളുടെ ടെൻഡറായി.  56 എണ്ണത്തിന്റെ പദ്ധതിരേഖ തയ്യാറായിവരുന്നു. ഫെബ്രുവരിയിൽ പ്രവൃത്തി തുടങ്ങാനാകും.

 

കേന്ദ്രാവിഷ്‌കൃത ഭവന പദ്ധതിയും ഇപ്പോൾ ലൈഫ്‌ പദ്ധതിയുടെ ഭാഗണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പിഎംഎവൈയും മത്സ്യത്തൊഴിലാളികൾക്കും പട്ടികജാതി–- പട്ടികവർഗവിഭാഗങ്ങൾക്കും അതത്‌ വകുപ്പുകൾ മുഖേന നടപ്പാക്കുന്നതും  ഉൾപ്പെടെ എല്ലാ ഭവനപദ്ധതികളെയും ചേർത്താണ്‌ ലൈഫ്‌ പദ്ധതി ഉണ്ടാക്കിയത്‌.കേന്ദ്രസഹായം ഒരുമിച്ചു നൽകിയാൽ വീടുകളാകെ പൂർത്തിയാക്കാനാകുമെന്നും അറിയിച്ചു. എന്നാൽ, കേന്ദ്ര പദ്ധതിയെ പ്രത്യേകമായി എടുത്തുകാട്ടാൻ ചില ഉദ്യോഗസ്ഥർക്ക്‌ വല്ലാത്ത താൽപ്പര്യമാണ്‌.

 

പിഎംഎവൈ പദ്ധതിയിൽ 72,000 രൂപ മാത്രമാണ്‌ കേന്ദ്രവിഹിതം. ബാക്കി 2,80,000 രൂപയും സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും ചേർന്നാണ്‌ നൽകുന്നത്‌. പിഎംഎവൈ നഗരം പദ്ധതിയിലാകട്ടെ ഒന്നര ലക്ഷം കേന്ദ്രം നൽകുമ്പോൾ രണ്ടര ലക്ഷം സംസ്ഥാന വിഹിതമാണ്‌. പ്രത്യേകം പേരു പറയുന്നെങ്കിൽ കൂടുതൽ പണം നൽകുന്നവരുടെ പേരല്ലേ പറയേണ്ടത്‌? ആരുടെയെങ്കിലും പേരിലല്ല, ലൈഫ്‌ പദ്ധതിയുടെ ഭാഗമായാണ്‌ ഇതിനെ കാണേണ്ടത്‌. അങ്ങനെ കാണാൻ ഉദ്യോഗസ്ഥർക്ക്‌  വിഷമം ഉണ്ടാകേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഇ പി ജയരാജൻ അധ്യക്ഷനായി.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button