വടകര : കേരളത്തെ അപേക്ഷിച്ച് ഡീസലിന് വില കുറവായതിനാൽ മാഹിയിൽനിന്നും മംഗളൂരുവിൽനിന്നും കേരളത്തിലേക്ക് വൻതോതിൽ ഡീസൽ ഒഴുകുന്നു. കേരളത്തെ അപേക്ഷിച്ച് ഡീസലിന് 13.56 രൂപ കുറവാണ് മാഹിയിൽ.
ജി എസ് ടി എൻഫോഴ്സ്‌മെന്റ് നോർത്ത് സോണിനു കീഴിൽ നാലുമാസത്തിനിടെ 30,000 ലിറ്റർ ഡീസലാണ് പിടികൂടിയത്. പിഴ ഉൾപ്പെടെ ഈടാക്കിയത് 31 ലക്ഷം രൂപ. പിടിക്കപ്പെടാതെ പോകുന്ന ഡീസൽക്കടത്ത് ഇതിലുമേറെയാണെന്നാണ് നിഗമനം.
മദ്യത്തിന് വില കുറവായതിനാൽ മാഹിയിൽനിന്നുള്ള കടത്ത് കാലങ്ങളായുണ്ട്. ഇതേപോലെത്തന്നെ ശക്തിപ്രാപിക്കുകയാണ് ഡീസൽക്കടത്തും. ജി എസ് ടി സ്ക്വാഡ് പിടികൂടിയ കേസുകളേറെയും മാഹിയിൽനിന്നുള്ളതാണ്. കൊയിലാണ്ടിയിൽ അഞ്ച് സംഭവങ്ങളിലായി 18,850 ലിറ്റർ ഡീസൽ അടുത്തിടെ പിടികൂടിയിരുന്നു.
മംഗളൂരുവിൽനിന്ന് കാങ്ങങ്ങാട്ടേക്ക് കടത്തുകയായിരുന്ന 5500 ലിറ്റർ ഡീസൽ കാഞ്ഞങ്ങാട്ട് വെച്ചും മാഹിയിൽനിന്ന് കടത്തുന്ന 1800 ലിറ്റർ കോഴിക്കോട്ടു വെച്ചും 4000 ലിറ്റർ ഡീസൽ തലശ്ശേരിയിൽ വെച്ചും പിടികൂടിയിരുന്നു. കോഴിയെ കൊണ്ടുപോകുന്ന വണ്ടിയിൽ രഹസ്യഅറ നിർമിച്ചാണ് ഡീസൽ കടത്ത് നടത്തുന്നത്.