ഊരാളുങ്കൽ സഹകരണ സൊസൈറ്റി ലോകത്തിന് മുന്നിലെ മികച്ച ജനപക്ഷ ബദലെന്ന് മുഖ്യമന്ത്രി

ശതാബ്ദി വർഷത്തിലേക്ക് കടന്ന ഊരാളുങ്കൽ സഹകരണ സൊസൈറ്റി ലോകത്തിന് മുന്നിലെ മികച്ച ജനപക്ഷ ബദലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “ഗുണമേന്മ, അഴിമതിമുക്തം, അച്ചടക്കം എന്നിവ മുഖമുദ്രയാക്കിയതാണ് ഊരാളുങ്കലിന്റെ വിജയത്തിന് നിദാനം. ഇതാകട്ടെ ലാഭം കൊയ്യുക ആകരുത് ലക്ഷ്യം, ഗുണമേന്മ ഉറപ്പുവരുത്തി അച്ചടക്കത്തോടെ ജോലി ചെയ്യലാണെന്ന് പറഞ്ഞ, ഊരാളുങ്കലിന്റെ പിറവിക്ക് പിന്നിലെ നവോത്ഥാന നായകനായ ഗുരു വാഗ്ഭടാനന്ദന്റെ വാക്കുകളെ പിൻപറ്റിയാണ്,” ഒരു വർഷം നീളുന്ന യു. എൽ.സി.സി.എസിന്റെ ശതാബ്ദി ആഘോഷം വടകര മടപ്പള്ളി ജി.വി. എച്ച്.എസ്സിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

“തക്കസമയത്ത് ആധുനികവൽക്കരണവും വൈവിധ്യവൽക്കരണവും നടത്തിയതാണ് അടുത്ത കാലത്ത് വലിയ വളർച്ച നേടാൻ ഊരാളുങ്കലിനെ സഹായിച്ചത്. ഐ.ടി, ടൂറിസം, പാർപ്പിട നിർമ്മാണം, കൃഷി, നിർമ്മാണ മേഖലയിലെ കൺസൽട്ടൻസി, സാമൂഹ്യസേവനം എന്ന് തുടങ്ങി കരകൗശല വസ്തു നിർമ്മാണം മുതൽ നിർമിതി ബുദ്ധി മേഖല വരെ സാന്നിധ്യമുള്ള ബ്രഹദ് പ്രസ്ഥാനമായി ഊരാളുങ്കൽ മാറികഴിഞ്ഞതായി മുഖ്യമന്ത്രി പ്രശംസിച്ചു. നവകേരള സൃഷ്ടിയിൽ തൊഴിൽ, നൈപുണ്യ മേഖലകളിൽ ഊരാളുങ്കലിന്റെ സംഭാവന നിസ്തുലമാണ്. ഇതാണ് ഊരാളുങ്കലിനെ ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സഹകരണ സ്ഥാപനമായി മാറ്റിയത്.

ഇന്ന് ലോകത്തിലെ വമ്പൻ കോർപറേറ്റുകളോട് മത്സരിക്കാൻ തക്കവണ്ണം വളർന്ന സ്ഥാപനം തൊഴിലാളികൾക്ക് നൽകുന്ന ഉയർന്ന വേതനവും ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും സ്വകാര്യ മേഖലയെക്കാൾ മെച്ചപ്പെട്ടതാണെന്നും ഇത് നാട് മുഴുവൻ കാണണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

നിർമാണ പ്രൊജക്റ്റുകൾക്ക് സോഷ്യൽ ഓഡിറ്റ്‌ തുടങ്ങാനുള്ള ഊരാളുങ്കലിന്റെ നീക്കം വിപ്ലവകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചു. അത് വിജയിച്ചാൽ നിർമാണ രംഗത്ത് വൻ മാറ്റം സൃഷ്ടിക്കും.

സഹകരണ മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു. മനോജ്‌ പുതിയവിള രചിച്ച ‘ഊരാളുങ്കൽ: കഥകളും കാര്യങ്ങളും’ എന്ന പുസ്തകം സാഹിത്യകാരൻ എം മുകുന്ദന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്, വനം മന്ത്രി എ കെ ശശീന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി എം.പി, എം എൽ എ മാരായ കെ കെ രമ, ഇ കെ വിജയൻ, എം കെ മുനീർ, പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, മീനാക്ഷി ഗുരുക്കൾ, കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പ്, എഴുത്തുകാരായ ടി പത്മനാഭൻ, എം മുകുന്ദൻ, ചീഫ് സെക്രട്ടറി ഡോ വി വേണു, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ സജി ഗോപിനാഥ്, വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി, വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു, സഹകരണ വകുപ്പ് രജിസ്ട്രാർ ടി വി സുഭാഷ്, ഏഷ്യ & പസഫിക് ഇന്റർനാഷണൽ കോപറേറ്റീവ് അലയൻസ് റീജ്യനൽ ഡയറക്ടർ ബാലു ജി അയ്യർ, കൺസ്യുമർഫെഡ് ചെയർമാൻ എം മെഹബൂബ്, കോലിയക്കോട് കൃഷ്ണൻ നായർ, സി കെ നാണു, സി പി ജോൺ, സത്യൻ മൊകേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി സ്വാഗതവും മാനേജിംഗ് ഡയറക്ടർ എസ് ഷാജു നന്ദിയും പറഞ്ഞു.

Comments
error: Content is protected !!